Publish Date: Mon, 18 Jul 2022 (14:33 IST)
Updated Date: Mon, 18 Jul 2022 (14:35 IST)
കോട്ടയം: പ്ലസ് വൺ വിദ്യാർത്ഥിനിയുടെ അശ്ളീല ഫോട്ടോ പ്രസിദ്ധപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പതിനഞ്ചു ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ സഹപാഠിയായ വിദ്യാർഥിനിക്കും കുടുംബത്തിനും എതിരെ പോലീസ് കേസെടുത്തു. കുറുപ്പന്തറ മാഞ്ഞൂർ പഞ്ചായത്തിലെ അപ്പൻകവലയ്ക്കടുത്ത് താമസിക്കുന്ന പ്ലസ് വൺ വിദ്യാർഥിനിക്കും മാതാപിതാക്കൾക്കും എതിരെയാണ് കടുത്തുരുത്തി പോലീസ് കേസെടുത്തത്.
പരാതിയിൽ പണം തട്ടിയെടുത്തു എന്ന് പറയുന്ന പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ പോലീസ് പരിശോധിക്കുന്നുണ്ട്. ഈ മൊബൈലിൽ നിന്ന് കൂട്ടുകാരിയുടെ മൊബൈലിലേക്ക് തുടർച്ചയായി സന്ദേശം അയച്ചിരുന്നതായും പോലീസ് അറിയിച്ചു. പല തവണയായി പതിനഞ്ചു ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്ത് എന്നാണു പരാതി. പണം വീട്ടിൽ എത്തിച്ചു നൽകുകയായിരുന്നു എന്നാണു പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.