ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവം; കെ രാധാകൃഷ്ണനെതിരെ കേസെടുത്തു
സിപിഎം നേതൃത്വം തള്ളിപ്പറഞ്ഞതിന് പിന്നാലെ കെ രാധാകൃഷ്ണനെതിരെ കേസെടുത്തു
വടക്കാഞ്ചേരി കൂട്ടമാനഭംഗ ആരോപണത്തില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. ഡിജിപിയുടെ നിർദേശപ്രകാരം തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രാധാകൃഷ്ണനെതിരെ നടപടി വേണമെന്ന് ആവശ്യമുയർന്നിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 228 എ (1), (2) വകുപ്പുകള്‍ പ്രകാരമാണ് രാധാകൃഷ്ണനെതിരെ കേസെടുത്തിരിക്കുന്നത്. സ്പെഷല്‍ ബ്രാഞ്ച് അസി കമ്മീഷണര്‍ ബാബുരാജ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പീഡനാരോപണത്തില്‍ ഉള്‍പ്പെട്ട കൗണ്‍സിലര്‍ ജയന്തനെയും ബിനീഷിനെയും സിപിഎമ്മില്‍നിന്ന് സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിക്കുന്നതിനിടക്കാണ് രാധാകൃഷ്ണന്‍ ഇരയുടെ പേര് പറഞ്ഞത്. പേര് പറയേണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ആരോപണവിധേയനായ ജയന്തന്റെ പേര് എപ്പോഴും പറയുമ്പോള്‍ പരാതിക്കാരുടെ പേര് പറയരുതെന്ന് പറയുന്നത് ശരിയല്ലെന്നായിരുന്നു മറുപടി.
മുൻ സ്പീക്കര്‍ കൂടിയായ രാധാകൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. സിപിഐയും വിഷയത്തിൽ രാധാകൃഷ്ണനെതിരായിരുന്നു. ഏറ്റവും ഒടുവിൽ പാർട്ടി നേതൃത്വവും രാധാകൃഷ്ണനെതിരെ രംഗത്തെത്തിയിരുന്നു.