Thrissur Pooram 2023: തൃശൂര്‍ പൂരത്തിന് കുട്ടികളെയും കൊണ്ടുപോകുന്നവര്‍ക്ക് മുന്നറിയിപ്പ്. രക്ഷിതാക്കള്‍ക്കൊപ്പം തൃശൂര്‍ പൂരം കാണാന്‍ വരുന്ന കുട്ടികള്‍ കൂട്ടം തെറ്റി മുതിര്‍ന്നവരുടെ കൈവിട്ടുപോകാതിരിക്കാന്‍ തൃശൂര്‍ സിറ്റി പൊലീസ് 'ശ്രദ്ധ' എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നു. പൂരം കാണാന്‍ വരുന്ന കുട്ടികള്‍ നഗരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കുട്ടികളുടെ വലതുകൈത്തണ്ടയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു ടാഗ് കെട്ടിക്കൊടുക്കും. ഈ ടാഗില്‍ കുട്ടിയുടെ രക്ഷിതാവിന്റെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ എഴുതാനുള്ള സ്ഥലത്ത് രക്ഷിതാവിന് വിവരങ്ങള്‍ എഴുതാം.
ഏതെങ്കിലും കാരണവശാല്‍ തിക്കിലും തിരക്കിലും പെട്ട് കുട്ടി വഴിതെറ്റി പോയാല്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്. ടാഗില്‍ കേരള പൊലീസിന്റെ ചിഹ്നം ഉണ്ടാകും. പൂരം ദിവസം രാവിലെ മുതല്‍ തൃശൂര്‍ നഗരത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളില്‍ ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇത് വിതരണം ചെയ്യും. രക്ഷിതാക്കള്‍ നിര്‍ബന്ധമായും കുട്ടികളുടെ കൈത്തണ്ടയില്‍ തങ്ങളുടെ പേരും ഫോണ്‍ നമ്പറും എഴുതി ചേര്‍ത്ത ടാഗ് കെട്ടിക്കൊടുക്കാന്‍ ശ്രദ്ധിക്കണം.
തൃശൂര്‍ സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂം: 0487 2424 193
തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍: 0487 2424 192