തൃശൂര്‍ പൂരം കലക്കല്‍: തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപിയുടെ റിപ്പോര്‍ട്ട്, ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്
മുന്‍നിശ്ചയിച്ച പ്രകാരം പൂരം നിര്‍ത്തിവച്ചതായി തിരുവമ്പാടി ദേവസ്വം പ്രഖ്യാപിക്കുകയായിരുന്നു
തൃശൂര്‍ പൂരം അട്ടിമറിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പൂരം കലക്കല്‍ അന്വേഷിച്ച എഡിജിപി എം.ആര്‍.അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം കലക്കാന്‍ തിരുവമ്പാടി ദേവസ്വം മുന്‍കൂട്ടി തീരുമാനം എടുത്തിരുന്നതായും സുന്ദര്‍ മേനോന്‍, ഗിരീഷ്, വിജയമേനോന്‍, ഉണ്ണികൃഷ്ണന്‍, രവി എന്നിവര്‍ പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മുന്‍നിശ്ചയിച്ച പ്രകാരം പൂരം നിര്‍ത്തിവച്ചതായി തിരുവമ്പാടി ദേവസ്വം പ്രഖ്യാപിക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തിരുവമ്പാടിയെ മുന്‍നിര്‍ത്തി ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണന്‍, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി എന്നിവരുടെ മൊഴിയുടെ രൂപത്തില്‍ അനുബന്ധമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചെന്നും തല്‍പ്പരകക്ഷികളുമായി ഗൂഢാലോചന നടത്തി ഉത്സവം അട്ടിമറിച്ചുവെന്നാണ് എഡിജിപിയുടെ റിപ്പോര്‍ട്ട്. തിരുവമ്പാടി ദേവസ്വം ആദ്യം മുതല്‍ തന്നെ നിയമവിരുദ്ധവും നടപ്പാക്കാന്‍ സാധിക്കാത്തതുമായ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. പൂരം കലക്കി സംസ്ഥാന ഭരണകൂടത്തിനും ജില്ലാ ഭരണകൂടത്തിനും എതിരെ വികാരം സൃഷ്ടിക്കാനായിരുന്നു ശ്രമം. തിരുവമ്പാടി ദേവസ്വം ഭാരവാഹികളും തല്‍പ്പരകക്ഷികളും ചേര്‍ന്ന് സ്ഥാപിത താല്‍പര്യത്തിനായി പൂരം അട്ടിമറിച്ചതു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിഷയലാഭത്തിനായി തല്‍പ്പരകക്ഷികള്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ ഉണ്ട്.