Publish Date: Wed, 22 Apr 2026 (12:21 IST)
Updated Date: Wed, 22 Apr 2026 (12:29 IST)
തൃശൂര്‍: വെടിക്കെട്ട് യൂണിറ്റിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ആര്‍ഭാടമില്ലാതെ നടത്താന്‍ പദ്ധതിയുണ്ട്. ആചാരങ്ങള്‍ക്കൊപ്പം പൊതുജനവികാരവും കണക്കിലെടുത്തായിരിക്കും തൃശൂര്‍ പൂരം സംബന്ധിച്ച് തീരുമാനമെടുക്കുകയെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. ജില്ലാ ഭരണകൂടവുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനം എടുക്കുക. ഇത്രയധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമ്പോള്‍ ശക്തമായ ഒരു പൊതു വികാരം അതിനോടൊപ്പമുണ്ട്.
അതോടൊപ്പം ആചാരങ്ങളും പരിഗണിച്ച് സന്തുലിതമായ ഒരു സമീപനം സ്വീകരിക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. എന്തുതന്നെയായാലും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ പാലിക്കുമെന്നും രാജേഷ് പറഞ്ഞു. സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഔദ്യോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പൊതുജനവികാരവും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം തൃശ്ശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നാല് ലക്ഷം രൂപയും നല്‍കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ വീതവും ധനസഹായം നല്‍കാന്‍ തീരുമാനിച്ചു.