Sandeep Warrier: തൃശൂരില്‍ നിര്‍ത്തിയാല്‍ തോല്‍വി ഉറപ്പ്; സന്ദീപിനെതിരെ കോണ്‍ഗ്രസില്‍ മുറുമുറുപ്പ്
ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം സന്ദീപ് തൃശൂരില്‍ സ്ഥാനാര്‍ഥിയാകുന്നതിനോടു വിയോജിപ്പുണ്ട്
Sandeep Warrier: നിയമസഭാ തിരഞ്ഞെടുപ്പില്‍ സന്ദീപ് വാരിയറെ തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കരുതെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം. മണ്ഡലത്തില്‍ സന്ദീപിനെതിരായ വികാരം ശക്തമാണെന്നും തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം സന്ദീപ് തൃശൂരില്‍ സ്ഥാനാര്‍ഥിയാകുന്നതിനോടു വിയോജിപ്പുണ്ട്. നേരത്തെ ബിജെപിക്കൊപ്പമായിരുന്നു സന്ദീപ്. പിന്നീടാണ് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ എത്തിയത്. സന്ദീപ് സ്ഥാനാര്‍ഥിയായാല്‍ സന്ദീപ് വിരുദ്ധ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിപ്പിച്ച് ബിജെപി നേട്ടമുണ്ടാക്കാം. ഇത് കോണ്‍ഗ്രസിനു തിരിച്ചടിയാകുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ കരുതുന്നത്.
അതേസമയം സന്ദീപ് തുടര്‍ച്ചയായി നടത്തിയ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങളിലും ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കു ഭയമുണ്ട്. ക്രൈസ്തവ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലമാണ് തൃശൂര്‍. സന്ദീപ് സ്ഥാനാര്‍ഥിയായി വന്നാല്‍ ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിനു ലഭിക്കില്ലെന്നാണ് ജില്ലാ നേതാക്കളുടെ വിലയിരുത്തല്‍. സന്ദീപിനെ പാലക്കാട് ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്നാണ് തൃശൂര്‍ ജില്ലയിലെ പ്രമുഖ നേതാക്കളുടെ അഭിപ്രായം.