Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടിയ കേസില്‍ യുവതി പിടിയില്‍; 'അഞ്ച് സെന്റ് സ്ഥലം ചന്ദ്രനിന്‍ വാങ്ങി'യെന്ന് പരിഹാസം

പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ധന്യ എട്ട് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്നാണ് പൊലീസ് കണ്ടെത്തല്‍

Dhanya - Scam case Thrissur

രേണുക വേണു

, ശനി, 27 ജൂലൈ 2024 (08:51 IST)
Dhanya - Scam case Thrissur

മാധ്യമങ്ങളെ പരിഹസിച്ച് തൃശൂരിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടിയെന്ന കേസില്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ധന്യ മോഹന്‍. 'കുറ്റം ചെയ്തിട്ടുണ്ടോ' എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തന്റെ ബാഗ് നിറയെ കാശാണെന്നും നിങ്ങള്‍ വന്ന് എടുത്തോളൂ എന്നുമാണ് ധന്യ മറുപടി നല്‍കിയത്. താന്‍ അഞ്ച് സെന്റ് സ്ഥലം ചന്ദ്രനില്‍ വാങ്ങിയിട്ടുണ്ടെന്നും ധന്യ പരിഹസിച്ചു. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ധന്യ ഇന്നലെ കീഴടങ്ങിയത്. 
 
പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ധന്യ എട്ട് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്നാണ് പൊലീസ് കണ്ടെത്തല്‍. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയതായും സംശയമുണ്ട്. അക്കൗണ്ടുകളിലേക്കുള്ള പണവും സ്വത്തുക്കളും മരവിപ്പിക്കാന്‍ പൊലീസ് നടപടി തുടങ്ങി. ധന്യയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. 
 
തൃശൂര്‍ വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലാണ് വന്‍ തട്ടിപ്പ് നടന്നത്. കൊല്ലം തിരുമുല്ലവാരം സ്വദേശിനി ധന്യ മോഹന്‍ ആണ് കോടികളുമായി മുങ്ങിയെന്നായിരുന്നു പരാതി. 18 വര്‍ഷമായി യുവതി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്നു ധന്യ മോഹന്‍. വ്യാജ ലോണുകള്‍ ഉണ്ടാക്കിയാണ് യുവതി സ്ഥാപനത്തില്‍ നിന്നും കോടികള്‍ കൈക്കലാക്കിയത്. 2019 മുതല്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും വ്യാജ ലോണുകള്‍ ഉണ്ടാക്കി പണം തട്ടിയെന്നാണ് കണ്ടെത്തല്‍. 
 
കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് 80 ലക്ഷം രൂപ പണം ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പിടിയിലാകും എന്ന് മനസിലാക്കിയതോടെ യുവതി ശാരീരിക ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞ് ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയി രക്ഷപ്പെട്ടെന്നാണ് പരാതിയില്‍ പറയുന്നത്. ഈ പണം ഉപയോഗിച്ച് യുവതി ആഡംബര വസ്തുക്കളും സ്ഥലങ്ങളും വാങ്ങിയെന്നും ആരോപണമുണ്ട്. ധനകാര്യ സ്ഥാപനത്തില്‍ നിന്നു നഷ്ടപ്പെട്ടത് 19.94 കോടിയെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴ വടക്കോട്ട് മാത്രം; ഇന്ന് രണ്ടിടത്ത് യെല്ലോ അലര്‍ട്ട്