TTE Murder Case: എസ് 11 കോച്ചിലെ വാതിലിനു സമീപം നില്‍ക്കുമ്പോള്‍ രണ്ട് കൈകള്‍ കൊണ്ട് തള്ളിയിട്ടു, ചെയ്തത് കൊല്ലാന്‍ തീരുമാനിച്ച് തന്നെ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ടിക്കറ്റ് ഇല്ലാത്തതിനാല്‍ 1000 രൂപ പിഴയടയ്ക്കണമെന്ന് ടിടിഇ വിനോദ് പ്രതിയോട് ആവശ്യപ്പെടുകയായിരുന്നു
TTE Murder Case: തൃശൂര്‍ വെളപ്പായയില്‍ ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ കെ.വിനോദിനെ പ്രതി പുറത്തേയ്ക്കു തള്ളിയിട്ടതു കൊല്ലണമെന്ന് തീരുമാനിച്ച് തന്നെ. കേസിലെ പ്രതി ഭിന്നശേഷിക്കാരനായ ഒഡീഷ സ്വദേശി രജനീകാന്ത റാണയ്‌ക്കെതിരെ ഐപിസി 302 അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. മുളങ്കുന്നത്തുകാവ് സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് പ്രതിയോടു ടിടിഇ കെ.വിനോദ് ടിക്കറ്റ് ചോദിച്ചത്. ഇതില്‍ കുപിതനായ പ്രതി ടിടിഇയെ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേയ്ക്കു തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു.
എസ് 11 കോച്ചിലെ വാതിലിനു സമീപമാണ് വിനോദ് നിന്നിരുന്നത്. പിന്നിലൂടെ എത്തിയ പ്രതി രണ്ട് കൈകള്‍ കൊണ്ട് വിനോദിനെ ആഞ്ഞു തള്ളുകയായിരുന്നു. ഉടന്‍ തന്നെ വിനോദ് നിലത്തേക്ക് വീണു. ട്രെയിന്‍ വേഗതയില്‍ ആയിരുന്നതിനാല്‍ അപകടത്തിന്റെ തീവ്രത കൂടി. കേസില്‍ രജനീകാന്ത റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ടിടിഇയെ പ്രതി അസഭ്യം പറഞ്ഞെന്നും പൊലീസിനെ വിളിച്ചതിനു പിന്നാലെയാണ് തള്ളി താഴെയിട്ടതെന്നും സംഭവസമയത്ത് ട്രെയിനില്‍ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരനായ പശ്ചിമ ബംഗാള്‍ സ്വദേശി പൊലീസിനോടു വെളിപ്പെടുത്തി. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണമായിരുന്നെന്നും ഒരൊറ്റ സെക്കന്റില്‍ എല്ലാം കഴിഞ്ഞുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
ടിക്കറ്റ് ഇല്ലാത്തതിനാല്‍ 1000 രൂപ പിഴയടയ്ക്കണമെന്ന് ടിടിഇ വിനോദ് പ്രതിയോട് ആവശ്യപ്പെടുകയായിരുന്നു. പിഴയടയ്ക്കാന്‍ പ്രതി തയ്യാറായില്ല. ടിടിഇയുടെ വീട്ടുകാരെ പ്രതി അസഭ്യം പറഞ്ഞു. അമിതമായി മദ്യപിച്ചാണ് ഇയാള്‍ ട്രെയിനില്‍ കയറിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രശ്‌നം രൂക്ഷമായതോടെ ടിടിഇ പൊലീസിനെ വിവരം അറിയിച്ചു. മലയാളത്തിലാണ് ടിടിഇ പൊലീസിനെ വിളിച്ചത്. ഇത് മനസിലാക്കിയ പ്രതി വൈരാഗ്യത്തില്‍ ടിടിഇയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെ മുളങ്കുന്നത്തുകാവ് റെയില്‍വെ ഓവര്‍ ബ്രിഡ്ജിനു താഴെയുള്ള ട്രാക്കില്‍വെച്ചാണ് സംഭവം.