ലോക്‍നാഥ് ബെഹ്‌റ ജൂനിയര്‍ ഓഫീസര്‍; സ്ഥനമാറ്റത്തിനെതിരെ സെന്‍കുമാര്‍ പരാതി നല്‍കി- ഹർജി ട്രൈബ്യൂണൽ ചൊവ്വാഴ്ച പരിഗണിക്കും
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റുമ്പോള്‍ മതിയായ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതാണ്
ഡിജിപി സ്ഥാനത്തു നിന്നും നീക്കിയതിനെതിരെ മുന്‍ സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കി. അഭിഭാഷകന്‍ ശ്രീകുമാര്‍ മുഖേനയാണ് അദ്ദേഹം പരാതി നല്‍കിയത്. ഹർജി ട്രൈബ്യൂണൽ ചൊവ്വാഴ്ച പരിഗണിക്കും.
തന്റെ സ്ഥാനചലനം പൊലീസ് ആക്‍ടിന് എതിരാണ്. കേരള പൊലീസ് ചട്ടവും അഖിലേന്ത്യാ ചട്ടവും മറികടന്നാണ് ജൂനിയര്‍ ഓഫീസറായ ലോക്‍നാഥ് ബെഹ്‌റയെ ഡിജിപിയാക്കിയത്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റുമ്പോള്‍ മതിയായ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതാണ്. തന്നെ മാറ്റിയപ്പോള്‍ ഒരു കാരണവും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിയേയും ഡിജിപി ലോക്‍നാഥ് ബെഹ്‌റയെയും കക്ഷി ചേര്‍ത്താണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ട്രൈബ്യൂണല്‍ ഫയലില്‍ സ്വീകരിച്ചു.
സെൻകുമാറിനെ മാറ്റിയതു കേരള പൊലീസ് ആക്ടിലെ 97(2)(ഇ) വകുപ്പു പ്രകാരമാണെന്നാണ് സ്ഥലമാറ്റ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. പൊതുജനങ്ങൾക്കിടയിൽ അതൃപ്തി ഉളവാക്കുന്ന പ്രവൃത്തി ഉണ്ടായാൽ ഉദ്യോഗസ്ഥരെ നീക്കംചെയ്യാൻ അധികാരം നൽകുന്ന വകുപ്പാണിത്. എന്നാൽ ഈ പ്രവൃത്തി എന്താണെന്ന് ഇതിൽ പറഞ്ഞിട്ടില്ല.
അതേസമയം, അഴിമതിക്കാര്‍ കടി കൊള്ളുമ്പോള്‍ അറിയുമെന്ന് വിജിലൻസ് ഡയറക്ടറായി ചുമതലയേറ്റ ഡിജിപി ജേക്കബ് തോമസ് പറഞ്ഞു. അഴിമതിക്കാര്‍ക്ക് മുന്‍ കാലങ്ങളില്‍ ഉണ്ടായതു പോലെയുള്ള നടപടികളാവില്ല ഇനിയുണ്ടാകുക. പത്തി വിടർത്തി ആടിക്കാണിക്കുന്ന പതിവുണ്ടാവില്ല. കാര്യങ്ങൾ വൃത്തിയായി ചെയ്യുന്നതിലാണ് വിജിലൻസ് ഇനി ശ്രദ്ധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ക്രിയാത്മക വിജിലൻസ് എന്ന ആശയവുമായി മുന്നോട്ടുപോകും. അത്തരമൊരു സംവിധാനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത്.
സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് കൂടി പ്രകാശിക്കാനുള്ള അവസരം നൽകുക എന്നതാണ് ക്രിയാത്മക വിജിലൻസ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഫൗൾ പ്ലേ ഇനിയുണ്ടാവില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.