പറയുന്നതിനൊക്കെ ഒരു ന്യായം വേണ്ടെ, സ്വകാര്യ ബസ് സമരമെങ്കിൽ കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളും ഇറങ്ങുമെന്ന് ഗതാഗത മന്ത്രി
സമരം ചെയ്യട്ടെ, അല്ലാതെന്ത് പറയാനാണ്. പറയുന്നതിനൊക്കെ ഒരു ന്യായം വേണ്ടെ. അവര് പറയുന്നതൊക്കെ അനുസരിക്കണമോ?,
സ്വകാര്യബസ് സമരത്തിനെതിരെ വിമര്‍ശനവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സമരം ചെയ്യുകയാണെങ്കില്‍ കെഎസ്ആര്‍ടിസിയുടെ ബസുകള്‍ മുഴുവന്‍ നിരത്തിലിറക്കുമെന്നും കോര്‍പ്പറേഷന്റെ കയ്യില്‍ 500 ബസുകളുണ്ടെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരം ചെയ്യട്ടെ, അല്ലാതെന്ത് പറയാനാണ്. പറയുന്നതിനൊക്കെ ഒരു ന്യായം വേണ്ടെ. അവര് പറയുന്നതൊക്കെ അനുസരിക്കണമോ?, കുട്ടികളുടെ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് പറഞ്ഞാല്‍, അവരോട് സമവായത്തിലെത്താതെ ചാര്‍ജ് ഉയര്‍ത്തിയാല്‍ എന്തായിരിക്കും ഇവിടെ സ്ഥിതി?, എന്തിനാണ് ആവശ്യമില്ലാതെ ആളുകളെ സമരത്തിലേക്ക് തള്ളിവിടുന്നത്. അവരുമായും കുട്ടികളുമായും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ചര്‍ച്ച നടത്തിയതാണ്. ആ ചര്‍ച്ചയില്‍ കുട്ടികള്‍ സമവായത്തിന് തയ്യാറായില്ല. അതൊന്നും നടപ്പാവുന്ന കാര്യമല്ല. ഇവര് 5 രൂപ വെച്ചൊക്കെ വാങ്ങുന്നുണ്ട്. കുട്ടികള്‍ കൊടുക്കുന്നുമുണ്ട്. ആദ്യം ഈ മത്സരയോട്ടം ഒന്ന് നിര്‍ത്തട്ടെ.
സമരം ചെയ്യട്ടെ എന്ന് ചോദിച്ചാല്‍ അവര് ചെയ്‌തോട്ടെ. ഓണക്കാലത്ത് അവര്‍ ബസ് ഓടിച്ചില്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ കയ്യില്‍ 500 മുതല്‍ 600 വരെ ബസുകള്‍ കിടപ്പുണ്ട്. പണി ചെയ്ത് കുടപ്പനാക്കിയിട്ട ലോക്കല്‍ ബസുകള്‍. ഡ്രൈവറെ വെയ്ക്കുക, ഓടിക്കുക. സമരമാണെങ്കില്‍ മുഴുവന്‍ വണ്ടികളും റോഡിലിറക്കും. കെഎസ്ആര്‍ടിസി ഇപ്പോള്‍ വാങ്ങിയ വണ്ടികളല്ലാതെ ഇനിയും വണ്ടികള്‍ സ്‌പെയറുണ്ട്. സമരം ചെയ്താല്‍ അതിങ്ങ് ഇറക്കും. ഈ ആഴ്ച ഞങ്ങളൊരു ആപ്പ് പുറത്തിറക്കുന്നുണ്ട്. മോട്ടര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആപ്പ് വഴി കുട്ടികള്‍ അപേക്ഷിക്കണം. അവര്‍ക്ക് ആപ്പ് വഴി പാസ് നല്‍കും. പാസില്ലാതെ കുട്ടികള്‍ കയറുന്നത് തെറ്റാണ്. സ്റ്റുഡന്റാണെന്ന് പറഞ്ഞ് 45 വയസുള്ളയാളും കയറിപോകുന്നത് പറ്റില്ല. അതുകൊണ്ട് കണ്‍സെഷന്‍ കാര്‍ഡ് ആര്‍ടിഒമാര്‍ അനുവദിക്കും. ഗണേഷ്‌കുമാര്‍ പറഞ്ഞു.