Private Bus Strike: 22 മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം
ഏഴാം തിയതി സൂചന പണിമുടക്ക് നടത്തിയിരുന്നു
കൊച്ചി: സംസ്ഥാനത്ത് മറ്റന്നാൾ മുതൽ സ്വകാര്യ ബസ്സുകളുടെ സമരം. 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
ദീര്‍ഘദൂര ലിമിറ്റഡ് സ്‌റ്റോപ്പ് അടക്കമുള്ള മുഴുവന്‍ പെര്‍മിറ്റുകളും അതേപടി പുതുക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തുക, ഇ ചലാന്‍ വഴി പൊലീസ് അനാവശ്യമായി പിഴയിടാക്കി ബസ്സുടമകളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതെന്ന് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജ് കുമാര്‍ കരുവാരത്ത്, കണ്‍വീനര്‍മാരായ പികെ പവിത്രന്‍, കെ വിജയന്‍ എന്നിവര്‍ അറിയിച്ചു.
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ഓപറേറ്റേഴ്സ് ഫോറം പണിമുടക്കില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ മറ്റ് സംഘടനകള്‍ പണിമുടക്കുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗതാഗത കമ്മീഷണര്‍ ബസ് ഉടമകളുമായി ആദ്യ ഘട്ടത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഏഴാം തിയതി സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനുശേഷമാണ് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.