കത്തുവ സംഭവം: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കുമ്മനം
കത്തുവ സംഭവം: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കുമ്മനം
ജമ്മു കശ്‌മീരിലെ കത്തുവ ജില്ലയിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഏട്ട് വയസുകാരിയുടെ പേരും ചിത്രവും സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി നല്‍കിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
രാഷ്‌ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ കുട്ടിയുടെ ചിത്രവും പേരും മുഖ്യമന്ത്രി പരസ്യപ്പെടുത്തിയത്. നിയമവിരുദ്ധവും ക്രൂരവുമായ ഈ പ്രവര്‍ത്തി ഇരയെ അപമാനിക്കുന്ന നടപടിയാണ്. നിയമത്തെപ്പറ്റിയുള്ള അജ്ഞത മൂലമല്ല മുഖ്യമന്ത്രി ഇങ്ങനെ ചെയ്തതെന്നും കുമ്മനം പറഞ്ഞു.
കത്തുവ സംഭവത്തിന് വര്‍ഗ്ഗീയനിറം നല്‍കാനാണ് മുഖ്യമന്ത്രി ഇരയുടെ പേരും ചിത്രവും പുറത്തുവിട്ടത്. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നതെന്നും കുമ്മനം വ്യക്തമാക്കി. അദ്ദേഹത്തിനെതിരെ കേസ് നടപടികള്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് കത്തുവയില്‍ നടന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ നടപടികളാണ് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ സഹായിച്ചത്. പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത കശ്മീര്‍ സര്‍ക്കാരിന്റെ നിലപാട് മാതൃകാപരമാണെന്നും കുമ്മനം വ്യക്തമാക്കി.