Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭയം: 'എന്റെ കുടില്‍' അഭയം തേടിയത് പതിനായിരത്തിലധികം പേര്‍

രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭയം: 'എന്റെ കുടില്‍' അഭയം തേടിയത് പതിനായിരത്തിലധികം പേര്‍

ശ്രീനു എസ്

തിരുവനന്തപുരം , വ്യാഴം, 15 ഒക്‌ടോബര്‍ 2020 (14:02 IST)
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രികാലങ്ങളില്‍ സുരക്ഷിത താമസം ഒരുക്കുന്നതിന് കേരള സര്‍ക്കാര്‍ ആരംഭിച്ച എന്റെ കൂടില്‍ അഭയം തേടിയത് പതിനായിരത്തിലധികം പേര്‍. തിരുവനന്തപുരത്ത് ഏഴായിരത്തിലധികം പേര്‍ക്കും കോഴിക്കോട് മൂവായിരത്തിലധികം സ്ത്രീകള്‍ക്കുമാണ് എന്റെ കൂട് പദ്ധതി ഇതുവരെ സൗജന്യ താമസം ഒരുക്കിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട കേന്ദ്രങ്ങള്‍ വീണ്ടും തുറക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലേക്കും എന്റെ കൂട് വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ് വനിതാ ശിശുവികസന വകുപ്പ്.
 
മുന്‍കാലങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ രാത്രിയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് റയില്‍വെസ്റ്റേഷനിലെ വെയിറ്റിംഗ് റൂമുകളിലോ, പ്ലാറ്റ്‌ഫോമിലോ ഇരുന്നു നേരം വെളുപ്പിക്കുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് ഇത്തരം സാഹചര്യങ്ങളില്‍ എന്റെ കൂട് അവര്‍ക്ക് അനുഗ്രഹമായി മാറുകയാണ്. അതും പോലീസ് സുരക്ഷയോടെ നിര്‍ഭയം വസിക്കാവുന്ന തരത്തില്‍. വിദ്യര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്കും എന്റെ കൂട് പദ്ധതി അനുഗ്രഹമായിട്ടുണ്ട്.
 
2016ല്‍ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനു സമീപവും, 2018ല്‍ തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കെട്ടിടത്തിലുമാണ് എന്റെ കൂട് പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ടു വാച്ച്മാന്‍, മാനേജര്‍, രണ്ടു മിസ്ട്രസുമാര്‍ എന്നിവര്‍ക്ക് പുറമെ രണ്ട് മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫുകള്‍, ഒരു ക്ളീനിംഗ് സ്റ്റാഫ് എന്നിവരും എന്റെ കൂടില്‍ ജോലി ചെയ്യുന്നു.
സ്ത്രീകള്‍, പെണ്‍കുട്ടികള്‍, 12 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ എന്നിവര്‍ക്കാണ് സൗജന്യ താമസം നല്‍കുന്നത്. പ്രവേശന സമയത്ത്  സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ അസല്‍ ഹാജരാക്കണം.
 
പ്രവേശന സമയം വൈകിട്ട് അഞ്ചു മുതല്‍ രാവിലെ ഏഴു വരെയാണ്. രാത്രി ഒന്‍പത് മണിക്ക്ശേഷം പ്രവേശനം അനുവദിക്കുന്നതിന് ആ സമയത്ത് എത്തിയതിന്റെ കാരണം ജീവനക്കാരെ ബോധ്യപ്പെടുത്തണം. വെളുപ്പിന് 3 മണി വരെ എത്തുന്നവര്‍ക്ക് സ്ഥല ലഭ്യത അനുസരിച്ച് പ്രവേശനം അനുവദിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോപ്പുലര്‍ ഫിനാന്‍സ്: ആസ്തികള്‍ കണ്ടുകെട്ടും