അഖിലും ശിവരഞ്ജിത്തും കോളേജിലേക്കെത്തിയത് ഒരേ ബൈക്കിൽ; കൂട്ടുകാരനെ കുത്തിയതെന്തിനെന്ന് പൊലീസ്, പൊട്ടിക്കരഞ്ഞ് ശിവരഞ്ജിത്

ഞായര്‍, 21 ജൂലൈ 2019 (09:53 IST)
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ പ്രവർത്തകനായ അഖിലിനെ കുത്തിയ കേസിലെ പ്രതികളായ എസ് എഫ് ഐ പ്രവർത്തകർ ശിവരഞ്ജിത്തിനേയും നസീമിനേയും പൊലീസ് ചോദ്യം ചെയ്യുകയാണ്. സംഭവത്തിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു. 
 
കൂട്ടുകാരനെ കുത്തിയതെന്തിനാണെന്ന് സി.ഐ ചോദിച്ചപ്പോള്‍ ശിവരഞ്ജിത്ത് തലതാഴ്ത്തി. പിന്നെ വിങ്ങിപ്പൊട്ടി. നിന്റെ കൂട്ടുകാരന്‍ മാത്രമല്ലല്ലോ അയല്‍ക്കാരന്‍ കൂടിയല്ലേ അഖിലെന്ന് ചോദിച്ചപ്പോഴും വിതുമ്പല്‍. ഒരേ ബൈക്കിലാണ് താനും അഖിലും കോളേജിലേക്ക് എത്തിയിരുന്നതെന്ന് പൊലീസിനോട് ശിവരഞ്ജിത്ത് പറഞ്ഞു.
 
എന്നാല്‍ ചോദ്യംചെയ്യലില്‍ ഒരു കൂസലുമില്ലാതെ നസീം നിന്നു. കോളേജില്‍ നടന്ന കാര്യങ്ങളെല്ലാം നസീം പൊലീസിനോട് ഏറ്റുപറഞ്ഞു. തന്റെ പക്കല്‍ ചുവന്ന പിടിയുള്ള കത്തിയുണ്ടായിരുന്നതായും പൊലീസെത്തിയപ്പോള്‍ കോളേജിന്റെ മതിലിനടുത്ത് ഉപേക്ഷിച്ചതായും നസീം മൊഴിനല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പൊലീസ് ഇരുവരേയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചെന്നൈയിൽ അഞ്ചാമത് ഡോർണിയർ എയർ‌ക്രാഫ്റ്റ് സ്ക്വാഡ്രൺ കമ്മീഷൻ ചെയ്യാനൊരുങ്ങി ഇന്ത്യൻ നേവി