കൊച്ചി: കൊച്ചിയിലെ വ്യവസായ പ്രമുഖനായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ പ്രേരണ പ്രകാരം രൂപം കൊണ്ട ട്വന്റി ട്വന്റി എറണാകുളം കിഴക്കമ്പലത്തു തകര്‍പ്പന്‍ വിജയം തുടര്‍ന്നതിനൊപ്പം വിജയം വ്യാപിപ്പിച്ചു.കിഴക്കമ്പലത്തിലെ ട്വന്റി ട്വന്റിയുടെ തടയാനെന്നോണം ഇടതും വലതും ഒറ്റ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്കിയിട്ടുപോലും കുമ്മനോട് വാര്‍ഡിലെ ട്വന്റി ട്വന്റി വിജയം തടയാനായില്ല.
കഴിഞ്ഞ തവണ കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം പിടിച്ചത് ഇത്തവണയും ആവര്‍ത്തിച്ചു. ആകെ സീറ്റുകളായ 19 എന്നതില്‍ കഴിഞ്ഞ തവണ 17 എണ്ണം ലഭിച്ചപ്പോള്‍ ഇത്തവണ അത് 18 ആക്കി ഉയര്‍ത്തി. കേവലം ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി മാത്രമാണ് ട്വന്റി ട്വന്റിയുടേതല്ലാത്ത അംഗമായത്.
കിഴക്കമ്പലത്തിനൊപ്പം ഇത്തവണ മുഴുവന്നൂര്‍, ഐക്കാരനാട്, കുന്നത്തുനാട് ഗ്രാമ പഞ്ചായത്തുകളും ട്വന്റി ട്വന്റി പിടിച്ചെടുത്തു. ഐക്കാരനാട്ടില്‍ ആകെയുള്ള 14 സീറ്റും തൂത്തുവാരി സര്‍വാധിപത്യം സ്ഥാപിച്ചു.
ഇതിനൊപ്പം വെങ്ങോല പഞ്ചായത്തില്‍ ആകെയുള്ള 23 സീറ്റുകളില്‍ പത്തെണ്ണം നേടി ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുകയും ചെയ്തു. മുഴുവന്നൂരില്‍ 19 എന്നതില്‍ 13 ല്‍ വിജയിച്ച് അധികാരത്തില്‍ വന്നപ്പോള്‍ കുന്നത്തുനാട്ടില്‍ 18 ല്‍ 11 എണ്ണം നേടി ഭരണം പിടിച്ചു.
ഇത് കൂടാതെ കോലഞ്ചേരി, വെങ്ങോല ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ട്വന്റി ട്വന്റി വിജയം നേടി. എന്നാല്‍ വടവുകോട് ബ്ലോക്കില്‍ യു.ഡി.എഫിനൊപ്പം അഞ്ച് സീറ്റുകള്‍ നേടി തുല്യത പാലിച്ചു.