ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി
കോഴിക്കോട്ടേക്കാണ് യാത്രയെങ്കില്‍ 479 രൂപയ്ക്ക് പകരം 492 രൂപയായിരിക്കും.
തിരുവനന്തപുരം: സൂപ്പര്‍ഫാസ്റ്റിന്റെ മറവില്‍ കെഎസ്ആര്‍ടിസി യാത്രക്കാരെ വഞ്ചിക്കുന്നു. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റില്‍ എറണാകുളത്തേക്ക് പോകാന്‍ 263 രൂപയാണ് നിരക്ക്. 'ബ്രാന്‍ഡ് ന്യൂ' എന്ന പേരില്‍ പുറത്തിറക്കിയ പുതിയ സൂപ്പര്‍ഫാസ്റ്റ് നോണ്‍ എസി ബസുകള്‍ക്ക് 271 രൂപയാണ് ഈടാക്കുന്നത്. കോഴിക്കോട്ടേക്കാണ് യാത്രയെങ്കില്‍ 479 രൂപയ്ക്ക് പകരം 492 രൂപയായിരിക്കും.
ഒരേ ക്ലാസ് ബസില്‍ രണ്ട് നിരക്കുകള്‍ പാടില്ല എന്ന വസ്തുത ഉണ്ടായിരുന്നിട്ടും പുതിയ ബസുകള്‍ക്ക് സ്റ്റോപ്പുകള്‍ കുറവാണെന്നും എല്ലാ ഡിപ്പോകളിലും സ്റ്റോപ്പ് നല്‍കില്ലെന്നും കെഎസ്ആര്‍ടിസി മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിക്കുന്നു. ലിമിറ്റഡ് സ്റ്റോപ്പുകള്‍ ഉണ്ടെങ്കിലും ബസുകള്‍ കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നില്ല. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ലിമിറ്റഡ് സ്റ്റോപ്പുകളായി ഓടുന്നുണ്ട്. പക്ഷേ ടിക്കറ്റ് നിരക്കില്‍ മാറ്റമില്ല. പ്രീമിയം എസി സൂപ്പര്‍ഫാസ്റ്റ് ബസുകളും ഉയര്‍ന്ന നിരക്കിലാണ് സര്‍വീസ് നടത്തുന്നത്.
പുതിയ ബസുകള്‍ ഇന്ധനക്ഷമത കൂടുതലുള്ളതും അതിനാല്‍ ചെലവ് കുറഞ്ഞതുമാണ്. ദൈനംദിന കളക്ഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രമാണ് നിരക്ക് വര്‍ധന. 'സിറ്റി ഫാസ്റ്റ്' ബോര്‍ഡുകള്‍ പതിച്ച ഓര്‍ഡിനറി ബസുകള്‍ വ്യാപകമായി അമിത നിരക്ക് ഈടാക്കുന്നു. കളിയിക്കാവിള ബസ് സര്‍വീസുകളും സിറ്റി സര്‍വീസുകളായി ഓടുന്നു.