തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. വടക്കന്‍ ജില്ലകളിലെ രണ്ട് സ്റ്റേഷനുകളാണ് അടച്ച് പൂട്ടുന്നത്. കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് സ്റ്റേഷനുകളാണ് ഇന്നത്തോടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. നാളെ മുതല്‍ ഇവിടെ ഒരു പാസഞ്ചര്‍ ട്രെയിനുകളും നിര്‍ത്തില്ല.
ഇന്ന് രാത്രി 7.45ഓടെ ചിറക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അവസാന ട്രെയിന്‍ പുറപ്പെടും. വെള്ളറക്കാടും ഇന്ന് രാത്രിയോടെ അവസാന ട്രെയിനും കടന്നുപോകുന്നതോടെ പ്രവര്‍ത്തനം നിര്‍ത്തും. നഷ്ടത്തിലായതിനെ തുടര്‍ന്നാണ് ഈ സ്റ്റേഷനുകള്‍ അടച്ചുപൂട്ടുന്നതെന്നാണ് റെയില്‍വെ നല്‍കുന്ന വിശദീകരണം. ഈ റെയില്‍വെ സ്റ്റേഷനുകളിലെ ജീവനക്കാരെ മാറ്റി നിയമിക്കുമെന്നാണ് വിവരം.
കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലാണ് വെള്ളറക്കാട് റെയില്‍വേ ഹാള്‍ട്ട് സ്റ്റേഷന്‍. സ്റ്റേഷന് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കിയിരുന്ന കണ്ണൂര്‍ കോയമ്പത്തൂര്‍, കോയമ്പത്തൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കിയതോടെ വരുമാനം കുറയുകയായിരുന്നു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് അടുത്ത് കിടക്കുന്നതാണ് ചിറക്കല്‍ റെയില്‍വേ സ്റ്റേഷന്‍. ബസ് സൗകര്യമില്ലാത്ത അഴീക്കോട്, ചിറക്കല്‍, പള്ളിക്കുന്ന്, അലവില്‍, പൂതപ്പാറ, പുതിയാപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയകേന്ദ്രമാണ് ചിറക്കല്‍ റെയില്‍വേ സ്റ്റേഷന്.