കഞ്ചാവ് കേസില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകനെ ഒഴിവാക്കി; സാക്ഷി മൊഴിയിലും അട്ടിമറി
കേസില്‍ ഒന്നും രണ്ടും പ്രതികള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
കഞ്ചാവ് കേസില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകനെ ഒഴിവാക്കി. എക്‌സൈസ് അമ്പലപ്പുഴ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലാണ് പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവിനെ ഒഴിവാക്കിയതായി കണ്ടത്. കേസില്‍ ഒന്നും രണ്ടും പ്രതികള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. കനിവിനെ ഉള്‍പ്പെടെ ഒഴിവാക്കിയ ഒന്‍പത് പേരുടെയും ഉച്ഛോസ വായുവില്‍ കഞ്ചാവിന്റെ ഗന്ധം ഉണ്ടായിരുന്നെന്നു മാത്രമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലഹരിക്കേസില്‍ പിടിക്കപ്പെട്ടവര്‍ക്ക് നടത്തേണ്ട മെഡിക്കല്‍ പരിശോധന കേസിലെ പ്രതികളുടെ കാര്യത്തില്‍ നടന്നില്ല. സാക്ഷികള്‍ മൊഴി നല്‍കിയത് മാറ്റി. കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടിട്ടില്ല എന്നാണ് പുതിയ മൊഴി. ഡിസംബര്‍ 28 നാണ് ആലപ്പുഴ തകഴിയില്‍ നിന്ന് കനിവുള്‍പ്പെടെയുള്ള ഒന്‍പതു പേരെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.
കേസില്‍ ഒന്‍പതാം പ്രതിയായിരുന്നു കനിവ്. പ്രതികളെ അന്ന് തന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ വാര്‍ത്ത പടര്‍ന്നതോടെ വിശദീകരണവുമായി യു പ്രതിഭ രംഗത്തെത്തി. മകന്‍ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വാര്‍ത്ത വ്യാജമാണെന്നുമുള്ള വാദമാണ് പ്രതിഭ ഉയര്‍ത്തിയത്.