Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ തുടരും

വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്ന കാര്യം മെഡിക്കല്‍ സംഘം നിരീക്ഷിച്ചു വരുന്നു

Uma Thomas

രേണുക വേണു

, ചൊവ്വ, 31 ഡിസം‌ബര്‍ 2024 (09:01 IST)
Uma Thomas

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ വേദിയില്‍ നിന്നു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വെന്റിലേറ്ററില്‍ തുടരുന്ന ഉമ തോമസ് കണ്ണ് തുറന്നതായും കൈകാലുകള്‍ അനക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആരോഗ്യനില കൂടുതല്‍ മെച്ചപ്പെടുന്നതുവരെ എംഎല്‍എ വെന്റിലേറ്ററില്‍ തന്നെ തുടരും. ഇന്നു രാവിലെ പത്ത് മണിക്ക് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഉമ തോമസിന്റെ ആരോഗ്യനില വിലയിരുത്തും. 
 
വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്ന കാര്യം മെഡിക്കല്‍ സംഘം നിരീക്ഷിച്ചു വരുന്നു. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരുക്കും ഗുരുതരമാണ്. ആരോഗ്യനില മെച്ചപ്പെടാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. അതിനാല്‍ തന്നെ ഏതാനും ദിവസങ്ങള്‍ കൂടി വെന്റിലേറ്റര്‍ ചികിത്സ ഉറപ്പുവരുത്താനാണ് സാധ്യത. 
 
കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണാണ് ഉമ തോമസിനു അപകടം സംഭവിച്ചത്. 15 അടി ഉയരത്തില്‍ നിന്നാണ് എംഎല്‍എ തെറിച്ചുവീണത്. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടു 12,000 നര്‍ത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെ വേദിയിലിരിക്കെയാണ് അപകടം. വീഴ്ചയില്‍ തലയ്ക്കു പിന്നില്‍ ഗുരുതര ക്ഷതമേറ്റു. ആന്തരിക രക്തസ്രാവം കൂടുതലാണ്. നട്ടെല്ലിനും പരുക്കുണ്ട്. വാരിയെല്ല് ഒടിഞ്ഞ് തറച്ചു കയറിയതിനെ തുടര്‍ന്ന് ശ്വാസകോശത്തിലും മുറിവുണ്ട്.
 
അതേസമയം സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്റ്റേജ് നിര്‍മാണത്തിലെ അപാകതയ്ക്കെതിരെ പാലാരിവട്ടം പൊലീസ് പരിപാടിയുടെ സംഘാടകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗ്യാലറിയില്‍ സുരക്ഷാവീഴ്ചയുണ്ടായതായി എഫ്ഐആറില്‍ പറയുന്നു. സ്റ്റേജ് കെട്ടിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബിഎന്‍സ് 125, 125 (ബി), 3 (5) എന്നിവ അനുസരിച്ചാണ് കേസ്. മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്നതിനെതിരെ നടപടിയെടുക്കുന്നതിനാണ് 125-ാം വകുപ്പ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; കുറവ് ആസ്തിയുള്ളവരില്‍ മൂന്നാമത് പിണറായി