'അണ്‍ഫോളോ അന്‍വര്‍'; ക്യാംപെയ്‌നു തുടക്കമിട്ട് സൈബര്‍ സഖാക്കള്‍, എടുത്തുചാട്ടം വേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ്
അതേസമയം അന്‍വറിനെ പൂര്‍ണമായി സ്വീകരിക്കണോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തീരുമാനമായിട്ടില്ല
പി.വി.അന്‍വറുമായുള്ള ബന്ധം പൂര്‍ണമായി അവസാനിപ്പിച്ച് സിപിഎം. പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന അന്‍വറുമായി എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെ സിപിഎമ്മിന്റെ സൈബര്‍ അണികളും അന്‍വറിനെതിരായ പോരാട്ടം കടുപ്പിച്ചു. അന്‍വറിന്റെ ഫെയ്‌സ്ബുക്ക് പേജ് അണ്‍ഫോളോ ചെയ്യാനുള്ള ക്യാംപയ്ന്‍ സൈബര്‍ അണികള്‍ ആരംഭിച്ചിട്ടുണ്ട്.
'വര്‍ഗ വഞ്ചകനായ അന്‍വറിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക' എന്നാണ് സൈബര്‍ ഗ്രൂപ്പുകളില്‍ നല്‍കുന്ന ആഹ്വാനം. ഇന്നലെ വൈകിട്ട് മുതലാണ് അന്‍വറിന്റെ പേജ് അണ്‍ഫോളോ ചെയ്യാന്‍ സിപിഎം അനുകൂലികള്‍ ആരംഭിച്ചത്. അന്‍വറിന്റെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്താനും തുടങ്ങി. വലതുപക്ഷ ശക്തികളെ സഹായിക്കുന്ന നിലപാടുകളും നീക്കങ്ങളുമാണ് അന്‍വര്‍ നടത്തുന്നതെന്ന് ഇടതുപക്ഷം ആരോപിച്ചു.
അതേസമയം അന്‍വറിനെ പൂര്‍ണമായി സ്വീകരിക്കണോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തീരുമാനമായിട്ടില്ല. ഇടതുപക്ഷത്ത് ആയിരുന്നപ്പോള്‍ രാഹുല്‍ ഗാന്ധിയെ അടക്കം കടന്നാക്രമിച്ച അന്‍വറിനെ വിശ്വാസത്തിലെടുക്കരുതെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. കുറച്ചുകൂടി കാത്തിരുന്ന ശേഷം മാത്രം അന്‍വറിനെ മുന്നണിയിലേക്ക് ക്ഷണിച്ചാല്‍ മതിയെന്നാണ് കെപിസിസിയുടെ തീരുമാനം.