കൊല്ലം : വിവാദമായ ഉത്ര വധക്കേസ് വിധി ഉടൻ ഉണ്ടാകും എന്ന് സൂചന. ഓഗസ്റ് 27 വെള്ളിയാഴ്ചയാണ് കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിധി പ്രഖ്യാപന തീയതി കോടതി പറയാൻ സാധ്യത കാണുന്നത്. നിലവിൽ അന്തിമ വാദം പൂർത്തി ആയിക്കഴിഞ്ഞു. എന്നാൽ കോടതിക്ക് കേസ് സംബന്ധിച്ച് എന്തെങ്കിലും വിശദീകരണം തേടേണ്ടതുണ്ട് എങ്കിൽ അതിനു വേണ്ടി മാത്രമാണ് വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നത്.
കേസ് വാദം നടക്കുന്നത് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് മുമ്പാകെയാണ് ഉള്ളത്. കേസ് വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് ആകെ 87 സാക്ഷികൾ, 289 രേഖകൾ, തൊണ്ടിമുതലുകളായി 40 എണ്ണം എന്നിവയാണ് ഹാജരാക്കിയത്.
കൊല്ലം ജില്ലയിലെ അഞ്ചൽ ഏറത്തുള്ള വെള്ളശേരിൽ എന്ന വിഷ്ണു ഭവനിൽ വിജയസേനന്റെ മകൾ ഉത്ര എന്ന 25 കാരി 2020 മെയ് 6 നാണ് പാമ്പ് കടിയേറ്റു മരിച്ചത്. ഉത്രയുടെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണു കേസ്.
മുമ്പ് അണലിയെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്താനും ശ്രമം നടത്തിയിരുന്നു എങ്കിലും ഉത്ര മരിച്ചില്ല.അന്ന് കടിയേറ്റിട്ടും മൂന്നര മണിക്കൂറിനു ശേഷമാണ് ഉത്രയെ ആശുപത്രിയിൽ എത്തിച്ചത് പോലും. എന്നാൽ 56 ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം ഉത്രയുടെ വീട്ടിൽ കഴിയുമ്പോഴാണ് മൂർഖന്റെ കടിയേറ്റ ഉത്ര മരിച്ചത്.
എന്നാൽ ഇതിനിടെ ഫെബ്രുവരി 29 നു ഉത്രയെ കടിപ്പിക്കാനായി കോവണിപ്പടിയിൽ പാമ്പിനെ ഇട്ടെങ്കിലും കടിക്കില്ല. പിന്നീട് പാമ്പ് പിടിത്തക്കാരനായ കല്ലുവാതുക്കൽ സ്വദേശി സുരേഷ് എന്നയാളിൽ നിന്നാണ് സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയത്. ഈ പാമ്പാണ് ഉത്രയെ കടിച്ചതും തുടർന്ന് കടിയേറ്റ ഉത്ര മരിച്ചതും.