Select Your Language

Notifications

webdunia
webdunia
webdunia
webdunia

V.D.Satheesan vs K.Sudhakaran: സതീശന്റെ കളി 'മുഖ്യമന്ത്രി കസേര' ലക്ഷ്യമിട്ട്; വിട്ടുകൊടുക്കില്ലെന്ന് സുധാകരന്‍, ചെന്നിത്തലയുടെ പിന്തുണ

കെ.സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കുകയാണ് സതീശന്റെ ലക്ഷ്യം

K Sudhakaran, Congress, VD Satheeshan

രേണുക വേണു

, ബുധന്‍, 22 ജനുവരി 2025 (09:07 IST)
V.D.Satheesan vs K.Sudhakaran: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. നേരത്തെ ഉണ്ടായിരുന്ന എ, ഐ ഗ്രൂപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ചില നേതാക്കളുടെ നേതൃത്വത്തില്‍ ഒന്നിലേറെ 'ചെറു' ഗ്രൂപ്പുകളാണ് കോണ്‍ഗ്രസില്‍ സജീവമായിരിക്കുന്നത്. പാര്‍ട്ടിയിലെ പ്രബലനാകാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ശ്രമിക്കുന്നത് മറ്റു ഗ്രൂപ്പുകളെ അസ്വസ്ഥമാക്കുന്നുണ്ട്. 
 
കെ.സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കുകയാണ് സതീശന്റെ ലക്ഷ്യം. സുധാകരനെ മാറ്റണമെന്ന് സതീശന്‍ ഹൈക്കമാന്‍ഡിനോടു ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അപമാനിച്ചു ഇറക്കി വിട്ടാല്‍ കൈയുംകെട്ടി ഇരിക്കില്ലെന്നാണ് സുധാകരന്റെ ഭീഷണി. കെപിസിസി അധ്യക്ഷനായ തനിക്ക് സതീശന്‍ യാതൊരു വിലയും നല്‍കുന്നില്ലെന്ന പരിഭവവും പരാതിയും സുധാകരനുണ്ട്. സതീശന്റേത് ഏകാധിപത്യ നിലപാടാണെന്ന് സുധാകരന്‍ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിനു പിന്നാലെയാണ് സുധാകരനെ വെട്ടാന്‍ സതീശന്‍ കരുനീക്കങ്ങള്‍ ശക്തമാക്കിയത്.
 
സതീശന്‍ പാര്‍ട്ടി പിടിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയാണെന്ന് മനസിലാക്കിയ രമേശ് ചെന്നിത്തല സുധാകരനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. സുധാകരന്‍ ഏറ്റവും പ്രാപ്തനായ പ്രസിഡന്റാണെന്ന് ചെന്നിത്തല പറയുന്നു. സുധാകരനെ അനുകൂലിക്കുന്ന നിലപാട് ചെന്നിത്തല ഹൈക്കമാന്‍ഡിലെ ചില പ്രമുഖ നേതാക്കളെ അറിയിച്ചിട്ടുണ്ട്. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു തുടരാന്‍ അനുവദിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെടുന്നത് സതീശന്റെ അപ്രമാദിത്തം തടയാനാണ്. 2026 ല്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി കസേര ആഗ്രഹിക്കുന്നവരില്‍ സതീശനൊപ്പം ചെന്നിത്തലയും ഉണ്ട്. 
 
സതീശനും സുധാകരനും രണ്ട് ചേരിയില്‍ നിന്ന് തമ്മിലടിക്കുമ്പോള്‍ മറ്റു ചില മുതിര്‍ന്ന നേതാക്കളും നേതൃസ്ഥാനം ആഗ്രഹിച്ച് കരുക്കള്‍ നീക്കുന്നുണ്ട്. പാലോട് രവി, ആന്റോ ആന്റണി എന്നിവര്‍ പ്രസിഡന്റാകാനുള്ള താല്‍പര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. അതോടൊപ്പം സതീശനെതിരായ 'യുദ്ധത്തില്‍' തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍, പി.സി.വിഷ്ണുനാഥ്, കെ.സി.ജോസഫ് തുടങ്ങിയ പ്രമുഖരെല്ലാം സുധാകരനും ചെന്നിത്തലയ്ക്കും രഹസ്യ പിന്തുണ നല്‍കുന്നുണ്ട്. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിലെ അധികാരം പിടിക്കാനുള്ള പോര് തീവ്രമാകാനാണ് സാധ്യത. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Donald Trump: ബൈഡനു പുല്ലുവില ! മുന്‍ പ്രസിഡന്റിന്റെ തീരുമാനം നടപടി പിന്‍വലിച്ച് ട്രംപ്; ക്യൂബ വീണ്ടും ഭീകരരാഷ്ട്ര പട്ടികയില്‍