തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി
ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി
തിരുവനന്തപുരം: മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി തോമസ് ഐസക്കിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ നോട്ടീസ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ഒരു രാഷ്ട്രീയ നാടകം മാത്രമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. മുന്‍ മന്ത്രി തോമസ് ഐസക്കുമായുള്ള നിയമയുദ്ധത്തില്‍ ഇ.ഡി. പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കിഫ്ബിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണെന്ന് ഇ.ഡി.ക്ക് ഇപ്പോള്‍ മനസ്സിലായി എന്നത് അതിശയകരമാണ്. കേരളത്തിന്റെ വികസനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചപ്പോഴെല്ലാം നിയമപരമായും രാഷ്ട്രീയമായും ഞങ്ങള്‍ അതിനെ നേരിട്ടിട്ടുണ്ട്. ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും. ഇതൊരു പരിചിതമായ തിരക്കഥയാണ്,' ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി ഇ.ഡി മാറിയിരിക്കുന്നുവെന്ന് മന്ത്രി ആരോപിച്ചു. 'കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി ഇ.ഡി മാറുന്നത് ജനാധിപത്യത്തിന് ഒട്ടും ആരോഗ്യകരമല്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രം ആശയക്കുഴപ്പം സൃഷ്ടിക്കാനും എല്‍.ഡി.എഫ് സര്‍ക്കാരിനെ ലക്ഷ്യം വയ്ക്കാനും ശ്രമിക്കുകയാണ്. ഇ.ഡിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വ്യക്തമാണ്,' അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തിന്റെ നട്ടെല്ലായ കിഫ്ബിയെ ദുര്‍ബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും പൊതുജന പിന്തുണയോടെ ശക്തമായി ചെറുക്കുമെന്ന് ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. 'ഇത്തരം നടപടികളെ നിയമപരമായും രാഷ്ട്രീയമായും വെല്ലുവിളിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി തയ്യാറാണ്. കേന്ദ്രത്തിന്റെ ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ മുട്ടുമടക്കില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.