ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല
ചേര്‍ത്തല തണ്ണീര്‍മുക്കം വാരനാട് സ്വദേശിയായ 10 വയസ്സുകാരന് അമീബിക് മെനിംഗോഎന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു.
ആലപ്പുഴ: ചേര്‍ത്തല തണ്ണീര്‍മുക്കം വാരനാട് സ്വദേശിയായ 10 വയസ്സുകാരന് അമീബിക് മെനിംഗോഎന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ നില അപകടകരമല്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
മാതാപിതാക്കള്‍ക്കൊപ്പം വിദേശത്തായിരുന്ന കുട്ടി രണ്ട് മാസം മുമ്പാണ് സ്വന്തം നാട്ടിലെത്തിയത്. പിന്നീട് പള്ളിപ്പുറത്തുള്ള അമ്മയുടെ വീട്ടിലും വാരനാട്ടുള്ള വീട്ടിലുമാണ് താമസിച്ചിരുന്നത്. അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ ആദ്യം ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സംഭവത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടി താമസിച്ചിരുന്ന തണ്ണീര്‍മുക്കം, പള്ളിപ്പുറം എന്നിവിടങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.