Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കോമൺസെൻസുള്ള സർക്കാരാണെങ്കിൽ ചില കാര്യങ്ങൾ ചെയ്യുമായിരുന്നു'; സർക്കാരിനെതിരെ ആഞ്ഞടിച്ച് വി ടി ബൽറാം

'കോമൺസെൻസുള്ള സർക്കാരാണെങ്കിൽ ചില കാര്യങ്ങൾ ചെയ്യുമായിരുന്നു'; സർക്കാരിനെതിരെ ആഞ്ഞടിച്ച് വി ടി ബൽറാം

webdunia
ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (11:59 IST)
കോമൺസെൻസുള്ള ഒരു സർക്കാരാണെങ്കിൽ പ്രളയാനന്തരം ചെയ്യുമായിരുന്ന കാര്യങ്ങൾ വിശദീകരിച്ച് വി ടി ബൽറാം എം എൽ എ. 'ആദ്യം പ്രളയത്തിൽ സംസ്ഥാനത്തിന് വന്ന നാശനഷ്ടങ്ങളുടെ ഒരു ഏകദേശ കണക്കെടുത്ത് അത് ജനങ്ങളെ അറിയിക്കും. കിറുകൃത്യമായ കണക്കൊന്നും ഒറ്റയടിക്ക് തയ്യാറാക്കാൻ പറ്റില്ലായിരിക്കാം. എന്നാൽ ഒരു മന്ത്രി 20000 കോടി, വേറൊരു മന്ത്രി 40000 കോടി, പിന്നെയൊരാൾ 75,000 കോടി, ഇടക്കൊരാൾ 1,00,000 കോടി എന്നിങ്ങനെ വായിൽത്തോന്നിയ കൊട്ടക്കണക്ക് പറയാതെയെങ്കിലും ഇരിക്കും' എന്ന പോയിന്റോടുകൂടിയാണ് വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് തുടങ്ങുന്നത്.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
കോമൺസെൻസുള്ള ഒരു സർക്കാരാണെങ്കിൽ പ്രളയാനന്തരം ചെയ്യുമായിരുന്നത്:
 
1) ആദ്യം പ്രളയത്തിൽ സംസ്ഥാനത്തിന് വന്ന നാശനഷ്ടങ്ങളുടെ ഒരു ഏകദേശ കണക്കെടുത്ത് അത് ജനങ്ങളെ അറിയിക്കും. കിറുകൃത്യമായ കണക്കൊന്നും ഒറ്റയടിക്ക് തയ്യാറാക്കാൻ പറ്റില്ലായിരിക്കാം. എന്നാൽ ഒരു മന്ത്രി 20000 കോടി, വേറൊരു മന്ത്രി 40000 കോടി, പിന്നെയൊരാൾ 75,000 കോടി, ഇടക്കൊരാൾ 1,00,000 കോടി എന്നിങ്ങനെ വായിൽത്തോന്നിയ കൊട്ടക്കണക്ക് പറയാതെയെങ്കിലും ഇരിക്കും.
 
2) പ്രളയാനന്തര പുനർനിർമ്മാണത്തേക്കുറിച്ചുള്ള ഒരു മാസ്റ്റർ പ്ലാനിന്റേയും അതിനാവശ്യമായ തുകയുടേയും ഏതാണ്ട് ഒരു ചിത്രം ജനങ്ങൾക്ക് മുമ്പിൽ സമർപ്പിക്കും. വീടുകൾ നിർമ്മിക്കാൻ എത്ര കോടി, റോഡിന് എത്ര, മറ്റ് പൊതു സൗകര്യങ്ങൾക്ക് എത്ര എന്നിങ്ങനെ വ്യത്യസ്ത മേഖലകളുടെ കാര്യത്തിൽ പരമാവധി ഡീറ്റയിൽസ് ലഭ്യമാക്കും.
 
3) ഈ തുക എങ്ങനെ കണ്ടെത്താനാണുദ്ദേശിക്കുന്നത് എന്നതിന്റെ ഏകദേശ ചിത്രവും സർക്കാർ മുന്നോട്ടു വക്കും. അതായത് കേന്ദ്ര സർക്കാരിൽ നിന്ന് എത്ര രൂപയുടെ സ്പെഷൽ പാക്കേജ് ആണ് പ്രതീക്ഷിക്കുന്നത്, സംസ്ഥാന സർക്കാർ ചെലവ് ചുരുക്കിയും മറ്റും എത്ര രൂപ കണ്ടെത്തും, വൻകിടക്കാരിൽ നിന്ന് പിരിച്ചെടുക്കാൻ ബാക്കിയുള്ള നികുതി കുടിശ്ശിക അടക്കം എത്ര രൂപ സർക്കാർ പ്രത്യേക ഇടപെടലിലൂടെ സമാഹരിക്കും, എത്ര രൂപ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയായി സമാഹരിക്കും എന്നിങ്ങനെ.
 
4) ഇനി മേൽപ്പറഞ്ഞ രീതിയിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ട ചെലവുചുരുക്കലും മറ്റും സ്വമേധയാ ചെയ്ത് ആത്മാർത്ഥത തെളിയിക്കും. ചുരുങ്ങിയ പക്ഷം പുതിയ മന്ത്രിമാരെ നിയമിച്ചും കാറ് വാങ്ങിയും ധൂർത്ത് നടത്താതെയെങ്കിലും ഇരിക്കും.
 
5) കേന്ദ്ര ഭരണകക്ഷി നേതാവിന്റെ ബോഡി മാസ് ഇൻഡക്സും തടിയിലെ വെള്ളത്തിന്റെ അളവും പറഞ്ഞ് പോരാളി ഷാജി കളിക്കാതെ കേരളത്തിനവകാശപ്പെട്ട സ്പെഷൽ പാക്കേജ് കിട്ടിയേ തീരൂ എന്ന് മമത ബാനർജിയും ചന്ദ്രബാബു നായിഡുവുമൊക്കെ പറഞ്ഞ പോലെ ഒറ്റച്ചങ്കിന്റെ ചങ്കുറപ്പിൽ പ്രധാനമന്ത്രിയോടും കേന്ദ്ര സർക്കാരിനോടും ശക്തമായി ആവശ്യപ്പെടും. അത് നിരാകരിക്കപ്പെട്ടാൽ പ്രതിപക്ഷമടക്കം എല്ലാവരേയും ചേർത്ത് നിർത്തി ശക്തമായ കേന്ദ്ര വിരുദ്ധ സമരം നടത്തും.
 
6) ഇതെല്ലാം ചെയ്താലും ബാക്കി എതാണ്ട് ഇത്ര രൂപയുടെ കുറവുണ്ടെന്നും അതിന് പൊതുജനങ്ങളുടെ സഹായം ആവശ്യമുണ്ടെന്നും വിനയത്തിന്റെ ഭാഷയിൽ അഭ്യർത്ഥന മുന്നോട്ടു വക്കും. ദുരുപയോഗ സാദ്ധ്യതയുണ്ടെന്ന് ഇതിനോടകം ബോധ്യപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പകരം ജനങ്ങളുടെ ഈ സഹായം സ്വീകരിക്കാൻ സുതാര്യമായ ഒരു പ്രത്യേക അക്കൗണ്ട് രൂപീകരിക്കും. പ്രളയ നാളുകളിൽ സർക്കാരും മറ്റാരും പറയാതെതന്നെ സ്വമേധയാ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് എടുത്തു ചാടുകയും കയ്യിലുള്ളതിന്റെ പരമാവധി എടുത്ത് സഹായിക്കുകയും ചെയ്ത കേരളീയ സമൂഹം നവകേരള നിർമ്മാണത്തിനും അവരുടേതായ പങ്ക് വഹിക്കും.
 
ഇങ്ങനെയൊന്നും ചെയ്യാതെ പാർട്ടി അടിമകളിൽ നിന്ന് ലെവി പിരിക്കുന്ന മാതൃകയിൽ ഭീഷണിപ്പെടുത്തിയും ഷെയിം ചെയ്ത് സമ്മർദ്ദത്തിലാഴ്ത്തിയും സാലറി ചലഞ്ച് നടപ്പാക്കാൻ നോക്കിയതിനാലാണ്
ഇപ്പോൾ സുപ്രീം കോടതിയിൽ നിന്ന് ഈ കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ധാർഷ്ഠ്യവും ധിക്കാരവും പിടിവാശിയുമാണ് മറ്റ് പല വിഷയങ്ങളിലുമെന്നപോലെ ഈ പ്രശ്നവും വഷളാക്കിയത്. ജനാധിപത്യത്തിൽ ശരി ചെയ്താൽ മാത്രം പോരാ, ശരിയാണ് ചെയ്യുന്നത് എന്ന് സമൂഹത്തിലെ മഹാഭൂരിപക്ഷത്തേയും ബോധ്യപ്പെടുത്താൻ ശ്രമിക്കുക കൂടി വേണം. വെല്ലുവിളികളും വെറുപ്പിക്കലുമല്ല, സമന്വയവും നയതന്ത്രവുമാണ് സർക്കാരുകളുടെ സ്വാഭാവിക രീതിയാവേണ്ടത്. ഒരു ജനാധിപത്യ സർക്കാരിന് നേതൃത്ത്വം നൽകാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഇനിയും ഏറെ പഠിക്കേണ്ടിയിരിക്കുന്നു.

Share this Story:

Follow Webdunia Hindi

അടുത്ത ലേഖനം

'ചേട്ടാ തെറ്റുപ്പറ്റിപ്പോയി, ക്ഷമിക്കണം'- ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ ഭാര്യ