മലപ്പുറം: സംസ്ഥാനത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതിലൂടെ റെയിൽവേയ്ക്ക് മികച്ച വരുമാനം ലഭിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ 21 ദിവസം കൊണ്ട് ഇവിടെ നിന്ന് 1101 പേർ ട്രെയിൻ യാത്ര ചെയ്തതിലൂടെ ടിക്കറ്റ് ഇനത്തിൽ 8 ലക്ഷം രൂപയാണ് ലഭിച്ചത്. അതായത് 8,04452 രൂപ.
ഇപ്പോൾ തന്നെ ഇതാണ് സ്ഥിതി എന്നതിനാൽ ആദ്യം അനുവദിച്ച വന്ദേ ഭാരത് ട്രെയിനിനും ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സെപ്തംബർ 25 മുതൽ ഒക്ടോബർ 15 വരെയുള്ള കണക്കാണിത്. രണ്ടാമത് അനുവദിച്ച ഈ ട്രെയിനിൽ തിരുവനന്തപുരത്ത് നിന്ന് ഇക്കാലയളവിൽ 8400 പേരാണ് ട്രെയിനിൽ കയറിയതെങ്കിൽ തിരുവനന്തപുരത്തു നിന്ന് തിരൂരിൽ വന്നിറങ്ങിയതും ഇവിടെ നിന്ന് കയറിയതും 289 പേരാണ്.
നിലവിൽ തിരൂരിൽ നിന്നുള്ള വന്ദേ ഭാരത്തിലേക്കുള്ള വരുമാനം വർധിച്ചതോടെ ദീർഘദൂര ട്രെയിനുകളായ രാജധാനി ഉൾപ്പെടെയുള്ളവയ്ക്ക് ഇവിടെ സ്റ്റോപ്പ് വേണമെന്ന് യാത്രക്കാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.