'അമ്മ അച്ഛന്റെ കൈകള്‍ പുറകോട്ടു പിടിച്ചു; മാമന്‍ കുത്തി”: തിരുവനന്തപുരത്ത് കാമുകന്‍ യുവതിയുടെ ഭര്‍ത്താവിനെ കൊന്ന കേസില്‍ ആറുവയസ്സുകാരന്റെ വെളിപ്പെടുത്തല്‍
ശനിയാഴ്ച വക്കീലിനെ കണ്ട് കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതിനിടെയാണ് മനോജ് പോലീസ് പിടിയിലായത്.
വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട് സ്വദേശി വിനോദ് കഴുത്തറത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യയുടെ സുഹൃത്ത് അറസ്റ്റില്‍. തൊഴുവന്‍കോട് സ്വദേശിയും ടിപ്പര്‍ ലോറി ഡ്രൈവറുമായ മനോജിനെയാണ് വട്ടപ്പാറ സി.ഐ. ബിജുലാലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
ശനിയാഴ്ച വക്കീലിനെ കണ്ട് കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതിനിടെയാണ് മനോജ് പോലീസ് പിടിയിലായത്. മണല്‍ മാഫിയാ സംഘത്തില്‍പ്പെട്ട മനോജ് സിറ്റിയിലും സമീപപ്രദേശങ്ങളിലും ഗുണ്ടാ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. വട്ടപ്പാറ, പേരൂര്‍ക്കട തുടങ്ങിയ സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കേസുകള്‍ നിലവിലുണ്ട്.
വിനോദിന്റെ ഭാര്യ രാഖിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നും ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ സൂചന നല്‍കി. രാഖി രണ്ടാം പ്രതിയാകുമെന്നാണു സൂചന. കൊലപാതകത്തില്‍ ഉള്‍പ്പെട്ട യുവതിയുടെ അറസ്റ്റും ഉടന്‍ ഉണ്ടാകുമെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി അശോക് അറിയിച്ചെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന വട്ടപ്പാറ സിഐ കെ. ബിജുലാല്‍ തയാറായില്ല.
കഴിഞ്ഞ 12ന് വാടകക്കെട്ടിടത്തിനുമുന്നില്‍ കഴുത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് അബോധാവസ്ഥയിലാണ് വിനോദിനെ നാട്ടുകാര്‍ കണ്ടത്. വിനോദ് ഉച്ചയോടെ മടങ്ങിയെത്തുമ്പോള്‍ വീടിന്റെ അടുക്കളയില്‍ മനോജ് ഉണ്ടായിരുന്നു. മനോജും രാഖിയുമായുള്ള ബന്ധം വിനോദ് ചോദ്യം ചെയ്തതില്‍ പ്രകോപിതനായി കത്തി കൊണ്ടു കഴുത്തിന്റെ ഇടതുഭാഗത്ത് കുത്തിയിറക്കുകയായിരുന്നുവെന്നാണ് പൊലീസ് കേസ്.
കഴുത്തില്‍ രണ്ടര ഇഞ്ചോളം കത്തി താഴ്ന്നിരുന്നു. വിനോദ് പുറത്തേക്ക് ഓടിയിറങ്ങുന്നതിനിടെ കമിഴ്ന്നു വീണു മരിച്ചു. മനോജ് വീടിന്റെ പുറകുവശത്തു കൂടി ഓടി രക്ഷപ്പെടുകയും ചെയ്തു. വിനോദ് മരിച്ച ദിവസം വീട്ടില്‍ നിന്ന് അമ്മയുടെ സുഹൃത്ത് ഓടിപ്പോകുന്നത് കണ്ടു എന്ന ആറുവയസ്സുകാരന്‍ മകന്റെ മൊഴിയാണ് മനോജിലേക്ക് എത്താന്‍ പോലീസിനു സഹായകമായത്.
വിനോദ് സ്വയം കഴുത്തറുത്തു ജീവനൊടുക്കിയെന്നു ആദ്യം മൊഴി നല്‍കിയ ഭാര്യ രാഖിയും കുട്ടിയെക്കൊണ്ട് അതേപടി മൊഴി നല്‍കിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ പൊലീസിന്റെ തുടര്‍ ചോദ്യം ചെയ്യലില്‍ കുട്ടി സത്യം വെളിപ്പെടുത്തിയെന്നു പൊലീസ് പറഞ്ഞു. അമ്മ രണ്ടു കൈകളും പുറകോട്ടു പിടിച്ചപ്പോള്‍ മാമന്‍ കത്തികൊണ്ട് അച്ഛന്റെ കഴുത്തില്‍ കുത്തി എന്നായിരുന്നു വിനോദിന്റെ മകന്റെ വെളിപ്പെടുത്തല്‍. കുട്ടിയുടെ മൊഴിയെത്തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ മനോജിന്റെ സാന്നിധ്യം സമ്മതിക്കുകയായിരുന്നു.
മകന്റെ അരുംകൊലയ്ക്കു കാരണം ഭാര്യ രാഖിയുടെ വഴിവിട്ട ബന്ധമെന്ന് വിനോദിന്റെ പിതാവ് ജോസഫ് പറയുന്നു. ഒറ്റപ്പെട്ട സ്ഥലത്ത് മകനെയും കൂട്ടി വാടകകെട്ടിടം തേടി പോയത് രാഖിയുടെ നിര്‍ബന്ധം മൂലമായിരുന്നു. കുട്ടികള്‍ സുരക്ഷിതരല്ലെന്നതിനാല്‍ അവരെ വിട്ടു കിട്ടുന്നതിനായി നിയമപരമായി നീങ്ങാനാണ് ജോസഫിന്റെ തീരുമാനം