Publish Date: Sun, 10 Jul 2022 (12:34 IST)
Updated Date: Sun, 10 Jul 2022 (12:38 IST)
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സംഘപരിവാർ. മുൻ മന്ത്രി സജി ചെറിയാൻ്റെ വിവാദ പ്രസംഗം ഗോൾവാൾക്കറിൻ്റെ പുസ്തകത്തിൽ ഉണ്ടെന്ന് സതീശൻ പറഞ്ഞിരുന്നു. ഈ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആർഎസ്എസ് സതീശന് നോട്ടീസ് നൽകിയിരുന്നെങ്കിലും ഈ ആവശ്യം സതീശൻ തള്ളികളയുകയായിരുന്നു. ഇതൊടെയാണ് വി ഡി സതീശൻ 2006ൽ ആർഎസ്എസ് പരിപാടി വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്യുന്ന ചിത്രം സംഘപരിവാർ പുറത്തുവിട്ടത്.
ഹിന്ദു ഐക്യവേദി നേതാവായ ആർ ബാബുവാണ് ചിത്രം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. അന്ന് ഗോൾവാൾക്കർ സതീശന് തൊട്ടുകൂടാത്തവൻ ആയിരുന്നില്ലെന്നും രാഷ്ട്രീയ സാഹചര്യം മാറിയതിനാൽ ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നത് രാഷ്ട്രീയനേട്ടത്തിന് ഉപകാരപ്പെടുമെന്നതിനാൽ സതീശൻ പുട്ടിന് പീര പോലെ ആർഎസ്എസിനെ ഇടക്കിടെ ആക്രമിക്കുകയാണെന്ന് ബാബു പോസ്റ്റിൽ പറയുന്നു.
ആർ വി ബാബുവിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
2006 ലെ ഗുരുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പറവൂർ മനക്കപ്പടി സ്കൂളിൽ വച്ച് മതഭീകരവാദത്തെ കുറിച്ചു നടന്ന സെമിനാറിൽ ഭാരതാംബയുടേയും ഗുരുജി ഗോൾവർക്കറിന്റേയും മുന്നിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശനാണിത്.
അന്ന് ഗോൾവൾക്കർ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല. KNA ഖാദറിനെ വിമർശിച്ച സതീശൻ RSS പരിപാടിയിൽ പങ്കെടുത്തതിൽ സ്വയം ഒരു തെറ്റും കണ്ടെത്തിയിരുന്നില്ല. രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശൻ ഇപ്പോൾ പുട്ടിന് പീര പോലെ ഇടക്കിടെ RSS നെ ആക്രമിക്കുന്നു.