കേരളത്തിൽ 28,000 കോവിഡ് മരണം സർക്കാർ മറച്ചുവെച്ചുവെന്ന് വി.ഡി സതീശൻ
കെഎംഎസ്സിഎല്ലിന് പണം നൽകാത്തതുകൊണ്ടാണ് മരുന്നില്ലാത്തതെന്നും സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് 28,000 കോവിഡ് മരണം സർക്കാർ മറച്ചുവെച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കടക്കെണി ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പണം ഉണ്ടെങ്കിൽ ആശുപത്രിയിൽ മരുന്ന് കൊണ്ടുവരാനുള്ള സംവിധാനമുണ്ടാക്കണം. കെഎംഎസ്സിഎല്ലിന് പണം നൽകാത്തതുകൊണ്ടാണ് മരുന്നില്ലാത്തതെന്നും സതീശൻ പറഞ്ഞു.
ദേശീയപാതയിൽ റീൽസെടുക്കുന്നവർ വിള്ളൽ വീണ സ്ഥലത്ത് പോയി എടുത്താൽ നന്നായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. നാലാം വാർഷികത്തോടനുബന്ധിച്ച് സർക്കാർ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് സ്വയം പുകഴ്ത്തൽ റിപ്പോർട്ടാണെന്നും വിഡി സതീശൻ പറഞ്ഞു. പ്രോഗ്രസ് റിപ്പോർട്ടിലെ ഏറ്റവും വലിയ അവകാശവാദം ദേശീയപാതാ നിർമാണമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
റിപ്പോർട്ട് അച്ചടിച്ച ശേഷമാണ് ദേശീയ പാതയിൽ വിള്ളൽ വീണത്. അടുത്ത മഴയിൽ ഇനിയും വിള്ളൽ വീഴും. ക്രെഡിറ്റെടുക്കാൻ നിന്നവരെ ഇപ്പോൾ കാണാനില്ല. ഹൈവേ പൊളിഞ്ഞുപോകുന്നതുപോലെ സർക്കാരിന്റെ അവകാശവാദങ്ങളും നിലംപതിച്ചുകൊണ്ടിരിക്കുന്നു. നൂറിലധികം സ്ഥലത്ത് ഇപ്പോൾത്തന്നെ വിള്ളലുണ്ട്.
അടുത്ത മഴയിൽ വീണ്ടും വിള്ളൽ വരും. ഞങ്ങളുടേതാണ് ഈ റോഡെന്നായിരുന്നു സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് അവകാശപ്പെട്ടിരുന്നത്. വിള്ളൽ വീണപ്പോൾ ഒരവകാശവാദവുമില്ല. റീൽസെടുക്കുന്നവർ വിള്ളൽ വീണ സ്ഥലത്ത് പോയി എടുത്താൽ നന്നായിരിക്കുമെന്നും സതീശൻ പറഞ്ഞു.
പാലാരിവട്ടം പാലം തകർന്നുവീണില്ല, എന്നിട്ടും അന്നത്തെ മന്ത്രിക്കെതിരെ കേസെടുത്തു. അന്ന് കേസെടുത്തവർക്ക് ഇപ്പോൾ ഒരു പരാതിയുമില്ല.