സുരക്ഷിത യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സുരക്ഷാമിത്ര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലധികം വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിച്ചു. യാത്രയ്ക്കിടെയുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളില്‍ സഹായം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. 'നിര്‍ഭയ' പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണു മോട്ടോര്‍വാഹന വകുപ്പ് ആരംഭിച്ച സുരക്ഷാമിത്രയെന്ന നിരീക്ഷണ പദ്ധതിക്കു തുടക്കമിട്ടത്. വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നതോടൊപ്പം സുരക്ഷാ ബട്ടണ്‍ (പാനിക് ബട്ടണ്‍) കൂടി ഘടിപ്പിക്കുന്നതിനാല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ പൂര്‍ണമായി ഉറപ്പാക്കാനാകും.
യാത്രയ്ക്കിടയില്‍ അസ്വാഭാവിക സാഹചര്യങ്ങളുണ്ടായാല്‍ പോലീസ് സേവനം തേടുന്നതിന് സുരക്ഷാ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. വാഹനത്തിന്റെ വലിപ്പം, ഉള്‍ക്കൊള്ളുന്ന യാത്രക്കാരുടെ എണ്ണം തുടങ്ങിയവ കണക്കാക്കി രണ്ട് മുതല്‍ അഞ്ച് വരെ പാനിക് ബട്ടണുകളാണ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്. അപായ സൂചന നല്‍കുന്നതിനു ഡ്രൈവറുടെ സീറ്റിന് സമീപവും പാനിക് ബട്ടണ്‍ ഘടിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ ബസുകള്‍, കെ.എസ്.ആര്‍.ടി.സി, ആംബുലന്‍സ്, ട്രക്കുകള്‍, ടാക്സി വാഹനങ്ങള്‍ തുടങ്ങി പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള വാഹനങ്ങളിലാണ് ജി.പി.എസ് ഘടിപ്പിക്കുന്നത്.