ഓണത്തിന് മുന്നോടിയായി മലപ്പുറത്ത് വാഹന പരിശോധന: പോലീസിനെ ഞെട്ടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍
വേങ്ങരയിലാണ് സംഭവം.കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീര്‍ (39) ആണ് അറസ്റ്റിലായത്.
മലപ്പുറം: ചാക്കില്‍ കടത്തുകയായിരുന്ന ഒരു കോടി രൂപ സ്‌കൂട്ടറില്‍ നിന്ന് പോലീസ് പിടികൂടി. മലപ്പുറം വേങ്ങരയിലാണ് സംഭവം.കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീര്‍ (39) ആണ് അറസ്റ്റിലായത്. വേങ്ങര കൂരിയാട് അണ്ടര്‍പാസിനു സമീപം വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്.
സംശയം തോന്നാതിരിക്കാന്‍ ചാക്കില്‍ വാഴയിലയോടൊപ്പം വാഴക്കുല പോലെ പായ്ക്ക് ചെയ്ത നിലയിലായിരുന്നു പണം. സ്‌കൂട്ടറിന് മുന്നില്‍ ചാക്ക് വച്ചിരുന്നു. സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് കോടിയിലധികം രൂപ കണ്ടെത്തിയത്. സ്‌കൂട്ടറിന്റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. 500, 200 രൂപ നോട്ടുകളുടെ കെട്ടുകളാണ് കൂടുതലും കണ്ടെത്തിയത്. വേങ്ങരയില്‍ വിതരണം ചെയ്യാനായിരുന്നു പണമെന്നാണ് പോലീസ് വ്യക്തമാക്കിയത്.
പണത്തിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ഓണത്തോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ പല സ്ഥലങ്ങളിലും വാഹന പരിശോധനകള്‍ നടക്കുന്നുണ്ട്. ജില്ലയില്‍ അടുത്തിടെ വിവിധ കേസുകളിലായി പത്ത് കോടിയോളം രൂപയുടെ അനധികൃത പണം പിടിച്ചെടുത്തു.