വളര്‍ത്തുനായ്‌ക്ക് ചികിത്സ നല്‍കിയില്ലെന്നാരോപിച്ച് മൃഗഡോക്ടറെ മര്‍ദ്ദിച്ച നാലുപേര്‍ അറസ്‌റ്റില്‍. നിലമേൽ സ്വദേശി അൻസാർ മുഹമ്മദ്, സുഹൃത്തുക്കളായ അഫ്‌സൽ, വിശാഖ്, രാജേഷ് എന്നിവരെയാണ് പേരൂർക്കട പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. അനൂപിനാണ് മർദ്ദനമേറ്റത്. ബുധാനാഴ്‌ച ലാബ്രഡോർ വിഭാഗത്തിൽപ്പെട്ട പട്ടിയുമായി അൻസാർ ആശുപത്രിയിലെത്തി ഡോ. അനൂപിനെ കണ്ടു. നായയെ മുമ്പ് പരിശോധിച്ച ഡോക്‍ടറുമായി സംസാരിച്ച് മരുന്നുകള്‍ നാല്‍കി.
നായ്‌ക്ക് മറ്റ് രോഗങ്ങള്‍ ഉണ്ടെന്നും ചികിത്സ ആവശ്യമാണെന്നും ഡോക്‍ടര്‍ അന്‍സാറിനെ അറിയിച്ചു. എന്നാല്‍, വ്യാഴാഴ്‌ച നായ ചത്തു. ചികിത്സ വൈകിയതാണ് വളര്‍ത്തുനായ ചാകാന്‍ കാരണമെന്ന് ആരോപിച്ച് അന്‍സാര്‍ ആശുപത്രിയിലെത്തി ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടുമായി സംസാരിച്ച് പരാതിയും നല്‍കി.
മടങ്ങി പോകുന്നതിനിടെ ആശുപത്രി മുറ്റത്ത്‌വച്ച് ഡോ. അനൂപിനെ കണ്ട അൻസാർ വഴക്കുണ്ടാക്കുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്‌തു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ഡോക്‍ടറിനെ മര്‍ദ്ദിച്ചു. പരുക്കേറ്റ ഡോക്ടറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു. അറസ്‌റ്റിലായവരെ കോടതി റിമാന്‍ഡ് ചെയ്‌തു.