Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘20 പൊലീസുകാര്‍ പിന്നാലെ, കൂടെ സൈബർ ഡോമും; പക്ഷേ, നാട്ടിലെ പുകിലൊന്നും നവാസ് അറിഞ്ഞില്ല’

madhura
കൊച്ചി , ശനി, 15 ജൂണ്‍ 2019 (11:46 IST)
തമിഴ്നാട് റയിൽവേ പൊലീസ് കരൂർ റയിൽവേ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തി കേരളാ പൊലീസിനെ വിവരമറിയിക്കുമ്പോള്‍ സംസ്ഥാനത്ത് നടന്ന പുകിലൊന്നും എറണാകുളം സെൻ‍ട്രൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ വി എസ് നവാസ് അറിഞ്ഞിരുന്നില്ല.

താന്‍ നാട്ടില്‍ നിന്നു മാറിനിന്ന സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഇടപ്പെട്ടതോ തന്നെ കണ്ടെത്താൻ കൊച്ചി ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ഇരുപത് പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേകസംഘം തന്നെ രൂപീകരിച്ചതോ ഒന്നും നവാസ് അറിഞ്ഞില്ല. സംസ്ഥാ‍ന പൊലീസിന്റെ അന്വേഷണ വിഭാഗമായ സൈബർ ഡോം അടക്കമുള്ള കേന്ദ്രങ്ങള്‍ പിന്നാലെയുള്ളതും അദ്ദേഹമറിഞ്ഞില്ല.

പൊലീസ് കണ്ടെത്തുമ്പോൾ നാഗര്‍കോവിൽ - കൊയമ്പത്തൂര്‍ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു നവാസ്. ഇടുക്കി സ്വദേശിയായ ആര്‍പിഎഫ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് നവാസിനെ കണ്ടെത്താൻ സഹായിച്ചത്. രാമേശ്വരത്തേക്ക് പോയെന്നാണ് നവാസ് പറയുന്നത്. തുടര്‍ന്ന് വീട്ടുകാരുമായി ഫോണില്‍ സംസാരിക്കുമ്പോഴാണ് തന്‍റെ തിരോധാനത്തെ തുടര്‍ന്ന് നാട്ടില്‍ ഇത്രവലിയ കോലാഹലം നടക്കുന്ന കാര്യം നവാസ് അറിയുന്നത്.

കൊച്ചിയിൽ നിന്ന് കാണാതായ നവാസ് കൊല്ലം – മധുര വഴി യാത്ര ചെയ്തതായാണ് സൂചന. കൊച്ചിയിൽ നിന്ന് ബസിലാണ് കൊല്ലത്തെത്തിയത്. കൊല്ലം– മധുര യാത്ര ട്രെയിനിലായിരുന്നു.

ഒരു യാത്ര പോകുന്നു എന്ന് ഭാര്യക്ക് മെസേജ് അയച്ച് വീട്ടില്‍ നിന്ന് ഇറങ്ങിയ നവാസ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ മുഴുവന്‍ സമ്മര്‍ദ്ദത്തിലാക്കി. ഭര്‍ത്താവിനെ കാണാനില്ലെന്ന് വ്യക്തമാക്കി ഭാര്യ മുഖ്യമന്ത്രിക്കും പൊലീസ് അധികാരികള്‍ക്കും പരാതി സമര്‍പ്പിക്കുക കൂടി ചെയ്‌തതോടെ ജനങ്ങളും ആശങ്കയിലായി.

ഔദ്യോഗിക നമ്പര്‍ സ്‌റ്റേഷനില്‍ തിരിച്ച് ഏൽപ്പിച്ച നവാസ് കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഓഫാക്കുകയും ചെയ്തു. രാത്രി ഒന്നരയോടെ വീണ്ടും ഫോൺ ഓൺ ചെയ്തപ്പോഴാണ് പൊലീസ് നവാസിന്‍റെ ലൊക്കേഷൻ തിരിച്ചറിയുന്നതും റെയിൽ വെ പൊലീസിന്‍റെ സഹായം തേടി സന്ദേശം കൈമാറുന്നതും. ഇതാണ് അദ്ദേഹത്തെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്ത്രവാദിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടില്ല; ഭര്‍ത്താവ് ഭാര്യയെ നദിയില്‍ മുക്കിക്കൊന്നു