വിസ്മയ കേസിൽ നാളെ വിധിവരാനിരിക്കെ ഭർത്താവ് കിരൺ കുമാറിൽ നിന്ന് നേരിട്ട ക്രൂരപീഡനത്തെ പറ്റി വെളിപ്പെടുത്തുന്ന വിസ്മയയുടെ ശബ്ദസന്ദേശം പുറത്ത്. അച്ഛൻ ത്രിവിക്രമൻ നായരുമായി വിസ്മയ നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.
ഭർത്താവ് കിരൺ കുമാർ മർദ്ദിച്ചിരുന്നുവെന്ന് കരഞ്ഞുകൊണ്ട് അച്ഛനനോട് വിസ്മയ പറയുന്ന ഭാഗമാണ് പുറത്തുവന്നിരിക്കുന്നത്. എനിക്ക് സഹിക്കാൻ കഴിയുന്നില്ല അച്ഛ, ഇവിടെ നിർത്തിയിട്ട് പോയാൽ എന്നെ കാണില്ല,എനിക്ക് അങ്ങോട്ട് വരണം. ശബ്ദസന്ദേശത്തിൽ വിസ്മയ പറയുന്നു. ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചതിനെ തുടർന്ന് 2021 ജൂൺ 21 ന് ഭർതൃവീട്ടിൽ വിസ്മയ ആത്മഹത്യ ചെയ്യുകയായിരുന്നു. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനുമായിരുന്നു വിസ്മയയെ ഭർത്താവ് പീഡിപ്പിച്ചിരുന്നത്.
കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി നാളെയാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്.സ്ത്രീധനപീഡനം,ആത്മഹത്യ പ്രേരണ,പരിക്കേൽപ്പിക്കൽ,സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റകൃത്യങ്ങൾ കിരൺകുമാർ ചെയ്‌തെന്നാണ് പ്രോസിക്യൂഷൻ ആരോപണം.