VS Achuthanandan Died: സമരസൂര്യന്‍ അസ്തമിച്ചു; വി.എസ് ഓര്‍മ
VS Achuthanandan Passes Away: ഹൃദയാഘാതത്തെ തുടര്‍ന്നു ജൂണ്‍ 23 നാണ് വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
VS Achuthanandan: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന്‍ അന്തരിച്ചു. പട്ടം എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. 101 വയസ്സാണ്.
ഹൃദയാഘാതത്തെ തുടര്‍ന്നു ജൂണ്‍ 23 നാണ് വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷം വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തുടങ്ങി തിരുവനന്തപുരത്ത് ഉണ്ടായിരുന്ന പ്രമുഖ നേതാക്കളെല്ലാം എസ്.യു.ടി ആശുപത്രിയിലെത്തി. മുഖ്യമന്ത്രി അടക്കമുള്ളവര്‍ പങ്കെടുത്ത മെഡിക്കല്‍ ബോര്‍ഡിനു ശേഷം ഉച്ചകഴിഞ്ഞ് നാല് മണിക്കാണ് മരണവിവരം പുറത്തുവിട്ടത്.
വൈകിട്ട് അഞ്ച് മണിയോടെ മൃതദേഹം എകെജി പഠന കേന്ദ്രത്തില്‍ എത്തിക്കും. രാത്രി മുഴുവന്‍ മൃതദേഹം എകെജി സെന്ററില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകളുടെ ഒരു സംഘമാണ് വി.എസിന്റെ ചികിത്സയ്ക്കു നേതൃത്വം നല്‍കിയത്. അച്യുതാനന്ദന്‍ 2006 മുതല്‍ 2011 വരെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചത്. 2011 മുതല്‍ 2016 വരെ പ്രതിപക്ഷ നേതാവ് ആയിരുന്നു.