V.S Achuthanandan Health Condition: വി.എസ് വെന്റിലേറ്ററില്‍ തന്നെ; ആരോഗ്യനിലയില്‍ മാറ്റമില്ല
തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു
V.S Achuthanandan: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന്‍ വെന്റിലേറ്ററില്‍ തുടരുന്നു. ആരോഗ്യനിലയില്‍ മാറ്റമില്ലെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. അതേസമയം വി.എസ് മരുന്നുകളോടു പ്രതികരിക്കുന്നുണ്ട്.
തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വി.എസിന്റെ ശരീരം അതിനോട് പ്രതികരിച്ചിട്ടില്ല. രക്തസമ്മര്‍ദ്ദം ഉയര്‍ന്നും താഴ്ന്നും നില്‍ക്കുന്നത് ചികിത്സയ്ക്കു പ്രതിസന്ധിയാണ്.
പട്ടം എസ്.യു.ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ആണ് വി.എസ് ചികിത്സയില്‍ തുടരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഏഴ് ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘവും വി.എസിന്റെ ചികിത്സയ്ക്കായി പട്ടം എസ്.യു.ടി ആശുപത്രിയിലുണ്ട്. ഇപ്പോള്‍ നല്‍കിവരുന്ന വെന്റിലേറ്റര്‍ സപ്പോര്‍ട്ട്, സി.ആര്‍.ആര്‍.ടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സകള്‍ തുടരാനും ആവശ്യമെങ്കില്‍ ഉചിതമായ മാറ്റം വരുത്താനുമാണ് മെഡിക്കല്‍ സംഘത്തിന്റെ തീരുമാനം.
കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘമാണ് ചികിത്സയ്ക്കു നേതൃത്വം നല്‍കുന്നത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 23 തിങ്കളാഴ്ച ഉച്ചയോടെയാണ് വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.
101 വയസ് പിന്നിട്ട അച്യുതാനന്ദന്‍ 2006 മുതല്‍ 2011 വരെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചത്. 2011 മുതല്‍ 2016 വരെ പ്രതിപക്ഷ നേതാവ് ആയിരുന്നു.