Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇഷ്ടമില്ലാത്തവരുടെ ചിത്രങ്ങൾ മോർഫ് ചെയ്തത് തെറ്റ്, വി ടി ബൽറാമിനോടും സഖാക്കളോടും എം സ്വാരാജിന് പറയാനുള്ളത് ഇത്രമാത്രം

മുഖ്യമന്ത്രിയോട് മാത്രമല്ല വി ടി ബൽറാമിനോട് ചെയ്തതും ശരിയായില്ല; എം സ്വരാജിന്റെ മനസ്സിലിരുപ്പ് ഇതോ?

ഇഷ്ടമില്ലാത്തവരുടെ ചിത്രങ്ങൾ മോർഫ് ചെയ്തത് തെറ്റ്, വി ടി ബൽറാമിനോടും സഖാക്കളോടും എം സ്വാരാജിന് പറയാനുള്ളത് ഇത്രമാത്രം
, ചൊവ്വ, 29 നവം‌ബര്‍ 2016 (11:18 IST)
കരുളായി വനത്തിൽ മാവോയിസ്റ്റും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോവാദികൾ കൊല്ലപ്പെട്ട സംഭവത്തിൽ നിലപാട് വ്യക്തമാക്കി എം സ്വരാജ് എം എൽ എ. നിലമ്പൂരിലെ സംഭവം, മാവോയിസം, മോർഫിങ് കലാകാരന്മാർ എന്നിങ്ങനെ മൂന്നുകാര്യങ്ങളെ കുറിച്ചാണ് എം സ്വരാജിന് പറയാനുള്ളത്. ഇപ്പോഴത്തെ സംഭവങ്ങളെ തുടർന്നും അല്ലാതെയും എതിർപ്പും പ്രതിഷേധവും പ്രകടിപ്പിക്കാൻ ഇഷ്ടമില്ലാത്തവരുടെ ചിത്രം മോർഫ് ചെയ്യുന്ന പരിപാടി ശുദ്ധ തോന്നിവാസമാണെന്ന് സ്വരാജ് വ്യക്തമാക്കുന്നു.
 
എം സ്വരാജിന്റെ വാക്കുകളിലൂടെ:
 
മൂന്ന് കാര്യങ്ങളെക്കുറിച്ച് ...
 
(1). നിലമ്പൂരിലെ സംഭവം
 
നിലമ്പൂർ വനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള പോലീസിന്റെ വിശദീകരണം ഏറ്റുമുട്ടലിനിടെയുണ്ടായ മരണമെന്നാണ്. എന്നാൽ പോലീസ് പറയുന്നത് കളവാണെന്നും പിടികൂടിയ ശേഷം വെടിവെച്ചുകൊന്നതാണെന്നുമുള്ള വിമർശനം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. സംശയിക്കുന്നവർക്ക് അതിന് മതിയായ കാരണങ്ങളുണ്ട്. വർഗീസിന്റെ അനുഭവം മറക്കാറായിട്ടില്ലല്ലോ. (അന്ന് ഏറ്റുമുട്ടൽ കൊലയെന്ന് മനോരമാദികൾ സമർത്ഥിച്ചപ്പോൾ, ഏറ്റുമുട്ടലല്ല പിടിച്ചുകെട്ടി വെടിവെച്ചു കൊന്നതാണെന്ന സത്യം വിളിച്ചു പറഞ്ഞത് ദേശാഭിമാനി മാത്രമായിരുന്നു.) രാജന്റെ ഓർമകൾക്കും മരണമില്ല .
ലഭ്യമായ വിവരങ്ങൾ വെച്ചു നോക്കിയാൽ നിലമ്പൂർ സംഭവത്തിലും പോലീസിനെ കണ്ണടച്ചു വിശ്വസിക്കാൻ പ്രയാസമാണെന്ന് എനിക്ക് തോന്നുന്നു.
 
ഏതായാലും വർഗീസ്/രാജൻ സംഭവങ്ങളെപ്പോലെ പോലീസ് ഭാഷ്യം അപ്പടി സ്വീകരിച്ച് ഫയൽ അടയ്ക്കുന്ന സർക്കാരല്ല ഇപ്പോൾ കേരളത്തിലുള്ളത്. മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലണമെന്ന നിലപാട് സി പി ഐ (എം) ന് ഇല്ല. ഇവിടെ സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരും. ഇപ്പോഴുയരുന്ന സംശയങ്ങൾ ശരിയാണെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥൻമാർ ഒരു ദയയും അർഹിക്കുന്നില്ല. അന്വേഷണം നടക്കട്ടെ സത്യം പുറത്തു വരട്ടെ. കൊലപാതകം സിറിയയിലായാലും നിലമ്പൂരിലായാലും എതിർക്കപ്പെടണം. നമ്മുടെ ലോകത്ത് ആരും കൊല്ലപ്പെടാൻ പാടില്ല. പോലീസ് പറയുന്നത് ശരിയാണെങ്കിൽ പോലും മരണം വേദനാജനകമാണ്. അത് ആരുടേതായാലും.
 
(2). മാവോയിസം..
 
പട്ടിണിപ്പാവങ്ങളും നിരക്ഷരരും ആദിവാസികളും വൻകിടക്കാരുടെ കാൽക്കീഴിലെ പുഴുക്കളെ പോലെ നരകിക്കുമ്പോൾ, രാഷ്ട്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കപ്പെടുകയും നീതി അനാഥമാവുകയും ചെയ്യുമ്പോൾ, ഇതെല്ലാം തകർക്കപ്പെടണമെന്ന് തോന്നുക സ്വാഭാവികമാണ്. ആരെയും ഒരു നക്സലൈറ്റോ തീവ്ര ചിന്താഗതിക്കാരനോ ആക്കി മാറ്റാവുന്ന സാഹചര്യങ്ങളാണ് ഇന്നത്തെ ഇന്ത്യയിലുള്ളത്. തച്ചുടയക്കപ്പെടേണ്ടതാണ് ഈ സാമൂഹ്യ വ്യവസ്ഥയെന്ന് കരുതുന്ന, കണ്ണീരും പട്ടിണിയും ചൂഷണവുമില്ലാത്ത ലോകം പുലരണമെന്ന് ആഗ്രഹിക്കുന്ന ആരെയും കുറ്റപ്പെടുത്താൻ എനിക്കാവില്ല.
 
എന്നാൽ ഇന്ന് 'മാവോയിസ്റ്റുകൾ ' എന്ന് വിളിക്കപ്പെടുന്നവരുടെ പ്രവർത്തനങ്ങളോട് എനിക്ക് ശകതമായ വിയോജിപ്പാണുള്ളത്. സ്വാധീന മേഖലകളിൽ ലക്ഷണമൊത്ത കൊള്ള സംഘമായാണ് ഇക്കൂട്ടർ പ്രവർത്തിക്കുന്നത്. കുത്തകകളോട് വിലപേശി കാശുവാങ്ങി അവരുടെ വ്യവസായ സാമ്രാജ്യത്തിന്റെ കാവൽക്കാരായും, തൃണമൂൽ കോൺഗ്രസിനോട് തുക പറഞ്ഞുറപ്പിച്ച് സി പി ഐ (എം) പ്രവർത്തകരെ കൊന്നു തള്ളുന്ന കൊട്ടേഷൻസംഘമായും പ്രവർത്തിക്കുന്നവർക്ക് മാവോയിസത്തെ കുറിച്ചൊന്നും പറയാൻ അവകാശമില്ല. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ ജനാധിപത്യ പ്രകൃയയുടെ ഭാഗമാവുകയാണ് വേണ്ടത്.
 
(3) . 'മോർഫിംഗ് കലാകാരന്മാർ' ....
 
ഇപ്പോഴത്തെ സംഭവങ്ങളെ തുടർന്നും അല്ലാതെയും എതിർപ്പും പ്രതിഷേധവും പ്രകടിപ്പിക്കാൻ ഇഷ്ടമില്ലാത്തവരുടെ ചിത്രം മോർഫ് ചെയ്യുന്ന പരിപാടി ശുദ്ധ തോന്നിവാസമാണ്. നിലമ്പൂർ സംഭവത്തിൽ മുഖ്യമന്ത്രിയെയും സി പി ഐ (എം)നെയും തെറി വിളിക്കുന്ന ചിലരുണ്ട്. അക്കൂട്ടർക്ക് തെറി വിളി നടത്തിയില്ലെങ്കിൽ ഉറങ്ങാനാവില്ല. ഒരുതരം അസുഖമാണിത്. തെറി വിളിക്കാൻ എന്തെങ്കിലും ഒരു കാരണം അവർ കണ്ടെത്തിക്കൊള്ളും, അത്തരക്കാർക്ക് മറുപടി പറയാനില്ല.
 
മുഖ്യമന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രതിഷേധിച്ചവരിൽ ശ്രീ വി ടി ബൽറാം എം എൽ എ ഉണ്ട്. ഇങ്ങനെയൊക്കെ ചെയ്യുന്ന അൽപ്പന്മാരുടെ അതേ നിലവാരമാണ് തനിക്കുമെന്ന് വീണ്ടും വീണ്ടും തെളിയിക്കാനുള്ള ബൽറാമിന്റെ സ്വാതന്ത്ര്യത്തെ ഞാൻ എതിർക്കുന്നില്ല. ഇതിന് മറുപടിയായി ബൽറാമിന്റെ ചിത്രവും മോർഫ് ചെയ്ത് പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നു. സഖാക്കൾ എന്നവകാശപ്പെട്ടാണ് ചിലർ ഇത് ചെയ്തത്. തുല്യനാണയ പ്രതികരണം എന്ന നിലക്കാവാം ഇത്. അതും അംഗീകരിക്കാനാവില്ല.
തർക്കങ്ങളും സംവാദങ്ങളും ഇങ്ങനെ ദുർഗന്ധപൂരിതമാക്കരുത്, പറയാനുള്ള കാര്യങ്ങൾ ഒട്ടുംമൂർച്ച കുറയ്ക്കാതെ പറയുകയും തർക്കിക്കുകയും ചെയ്യുന്നത് നിലപാടുകൾക്ക് കൂടുതൽ തിളക്കം നൽകും. പിശകുകൾ തിരുത്താൻ എല്ലാവർക്കും അവസരം കിട്ടുകയും ചെയ്യും. എന്നാൽ 'ചിത്രവധങ്ങൾ' ഇടുങ്ങിയ മനസിന്റെ ദുഷ്ടലാക്കാണ് വെളിപ്പെടുത്തുന്നത്. ബൽറാമിനെതിരായ നിരവധി മോർഫിംഗ് പോസ്റ്റുകളിൽ ഒന്നിൽ ഒരു ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ട വ്യക്തിയെക്കൂടി ഉൾപ്പെടുത്തിയതായി കണ്ടു. അതിനൊന്നും ഒരു ന്യായീകരണവുമില്ല. സഖാക്കൾ എന്ന് സ്വയം അവകാശപ്പെട്ടാൽ ആരും സഖാവാകില്ല. ബൽറാമിന്റ നിലവാരം സഖാക്കൾക്ക് ചേരുകയുമില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തങ്ങള്‍ക്കെതിരെ എതിരാളികള്‍ ഒറ്റക്കെട്ടായ് പോരാടുന്നു; പ്രമുഖ ടെലികോം കമ്പനികള്‍ക്ക് എതിരെ പരാതിയുമായി ജിയോ