ചാലിയാര്‍ പുഴയില്‍ നിന്നും തീരങ്ങളില്‍ നിന്നും ഇതുവരെ കണ്ടെത്തിയത് 73 മൃതദേഹങ്ങളും 128 ശരീരഭാഗങ്ങളുമാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം പറഞ്ഞത്. പോലീസിനും ഫയര്‍ഫോഴ്‌സിനും സേനാംഗങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമൊപ്പം കൈമെയ്യ് മറന്നു പ്രവര്‍ത്തിക്കുന്നത് ഈ നാട്ടിലെ ചെറുപ്പക്കാരാണെന്നും കണ്ടെത്തിയ മൃതദേഹങ്ങള്‍ കുത്തൊഴുക്കില്‍ നഷ്ടപ്പെടാതെ കരങ്ങള്‍ കോര്‍ത്ത് പിടിച്ച് തീരത്ത് എത്തിക്കുന്നത് അവരാണെന്നും രാഷ്ട്രീയ ഭേദങ്ങളില്ലാതെ രക്ഷാ പ്രവര്‍ത്തനത്തില്‍ ഒരേ മനസ്സോടെ ഇടപെടുന്ന ഇവരാണ് നമ്മുടെ കരുത്തെന്നും മന്ത്രി പറഞ്ഞു.
അതേസമയം തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങള്‍ മാത്രം ലഭിച്ചവയുടെയും സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി എടുത്തു. കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി ആരെങ്കിലും എത്തുമ്പോള്‍ അവരുടെ സാമ്പിളുകള്‍ കൂടി എടുത്ത് ഡിഎന്‍എ പരിശോധന നടത്തിയാല്‍ മരിച്ചത് ആരാണ് എന്നുള്ളത് തിരിച്ചറിയാന്‍ കഴിയുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതിനുവേണ്ടി ജീവിച്ചിരിക്കുന്നവരുടെ പ്രത്യേകിച്ച് ദുരന്തത്തിന് ഇരയായവരുടെ സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് എടുക്കുമ്പോള്‍ മാനസികമായി അവരെ സജ്ജമാക്കുന്നതിന് ആരോഗ്യ വകുപ്പ് മാനദണ്ഡങ്ങള്‍ തയ്യാറാക്കി.