ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 38 പേരെ സസ്പെന്‍ഡ് ചെയ്തു
കുറ്റക്കാര്‍ക്കെതിരെ കര്‍ശന വകുപ്പുതല നടപടി സ്വീകരിക്കും
ക്ഷേമപെന്‍ഷന്‍ തട്ടിപ്പു നടത്തിയ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. റവന്യൂ, സര്‍വ്വേ വകുപ്പില്‍ 38 പേരെ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്ക്കണം.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന വകുപ്പുതല നടപടി സ്വീകരിക്കും. ജീവനക്കാരുടെ പേര്, കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കം റവന്യൂ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലിസ്റ്റില്‍ 5,000 മുതല്‍ 50,000 രൂപ വരെ സാമൂഹ്യ പെന്‍ഷനായി കൈപ്പറ്റിയവരുണ്ട്.
വിവിധ വകുപ്പുകളിലായി ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അടക്കം 1,458 ജീവനക്കാര്‍ പെന്‍ഷന്‍ വാങ്ങിയെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തല്‍.
ധന വകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ഹയര്‍ സെക്കന്‍ഡറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയിലുണ്ട്.