സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ നഷ്ടമായ തുക തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. അനര്‍ഹരായവര്‍ കൈപ്പറ്റിയ ക്ഷേമ പെന്‍ഷന്‍ 18 ശതമാനം പിഴ പലിശ സഹിതം ഈടാക്കും. പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കാനും തീരുമാനിച്ചു. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് ഡയറക്ടര്‍, നഗരകാര്യ ഡയറക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരും, പെന്‍ഷന്‍ക്കാരും, താത്കാലിക ജീവനക്കാരും ഉള്‍പ്പെടുന്ന 9201 പേര്‍ സര്‍ക്കാരിനെ കബളിപ്പിച്ച് ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്തതായാണ് സി എ ജി കണ്ടെത്തല്‍. സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതലുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയിലാണ് തട്ടിപ്പുകാര്‍ കൂടുതല്‍. തട്ടിപ്പിലൂടെ 39 കോടി 27 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.