സംസ്ഥാനത്ത് കഴിഞ്ഞ ദിവസമാണ് നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥികളിലാണ് വൈറസ് കണ്ടെത്തിയത്. കോളേജ് വനിതാ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളില്‍ വയറിളക്കവും ഛര്‍ദിയും റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണു വൈറസ് ബാധ സ്ഥിരീകരിച്ചത്.
കാലിസിവിരിഡേ കുടുംബത്തില്‍പ്പെടുന്ന ആര്‍എന്‍എ വൈറസാണ് നോറോ വൈറസ്. പ്രധാനമായും മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പ്രതലങ്ങളിലൂടെയോ പകരുന്ന അതിവ്യാപന ശേഷിയുള്ള വൈറസാണു നോറോ. രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും അണുബാധയുണ്ടാവാം. ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകും. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ സ്ഥിതി ഗുരുതരമാകാന്‍ സാധ്യതയുണ്ട്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. അതിനാല്‍ ശൈത്യകാല ഛര്‍ദി അതിസാര അണുബാധ എന്നൊരു പേരു കൂടി ഈ രോഗത്തിനുണ്ട്.