സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊലീസ് റെയ്ഡ് നടത്തിയ സംഭവത്തിൽ എസ്പി ചൈത്ര തെരേസ ജോൺ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെ തുടർന്ന് ചൈത്രയെ ഡെപ്യൂട്ടി കമ്മിഷണറുടെ ചുമതലയിൽനിന്ന് ഒഴിവാക്കിയിരുന്നു.
പരിശോധന സംബന്ധിച്ച് കോടതിക്ക് എസ്പി സേർച്ച് മെമ്മോറാണ്ടം നൽകിയിരുന്നുവെന്നും ഒപ്പം ജനറൽ ഡയറിയിൽ എഴുതിയിരുന്നുവെന്നും അന്വെഷണ റിപ്പോർട്ടിൽ പറയുന്നു.
മുഖ്യപ്രതി പാര്‍ട്ടി ഓഫിസിലുണ്ടെന്നു വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയതെന്നു എസ്പി കോടതിയില്‍ റിപ്പോർട്ട് നൽകി.
മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ പ്രതികളെ പിടിക്കാനാണു തിരുവനന്തപുരം സിറ്റി ഡിസിപിയുടെ ചുമതലയുണ്ടായിരുന്നു ചൈത്ര തെരേസ ജോണ്‍ വ്യാഴാഴ്ച രാത്രി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ കയറി പരിശോധിച്ചത്. കേസിലെ മുഖ്യപ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജില്ലാ കമ്മിറ്റി ഓഫിസിലുണ്ടെന്നു കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പരിശോധനയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.