വീട്ടമ്മയുടെ കാല്‍ കടിച്ചുമുറിച്ച കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
ആക്രമണത്തില്‍ നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്നതിനിടെ വീണ തത്തയുടെ മുട്ടുകാലിനും പാദത്തിനും ഇടയിലാണ് കാട്ടുപന്നി കടിച്ചുമുറിച്ചത്
പാലക്കാട് കുഴല്‍മന്ദത്ത് വീട്ടമ്മയെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച കാട്ടുപന്നികളെ വനംവകുപ്പ് വെടിവെച്ചു കൊന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് തൊഴിലുറപ്പ് തൊഴിലാളിയായ തത്ത എന്ന സ്ത്രീയെ കാട്ടുപന്നികള്‍ ആക്രമിച്ചത്. വീടിനോടു ചേര്‍ന്ന് വിറക് ശേഖരിക്കുന്നതിനിടെയാണ് ആക്രമണം.
ആക്രമണത്തില്‍ നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്നതിനിടെ വീണ തത്തയുടെ മുട്ടുകാലിനും പാദത്തിനും ഇടയിലാണ് കാട്ടുപന്നി കടിച്ചുമുറിച്ചത്. ഗുരുതരമായി പരുക്കേറ്റ വീട്ടമ്മയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വനംവകുപ്പ് പ്രത്യേകം നിയോഗിച്ച വെടിവെപ്പുകാരാണ് രാത്രി നടത്തിയ തെരച്ചിലില്‍ രണ്ട് കാട്ടുപന്നികളേയും വെടിവെച്ചു കൊന്നത്.
പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ ആദ്യമായാണ് ഒരു മനുഷ്യനെ കാട്ടുപന്നി ആക്രമിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.