ഗോശ്രീ പാലത്തില്‍ തൂങ്ങിമരിച്ചയാളുടെ മൃതദേഹം താഴെയിറക്കുന്നതിനിടെ പാലത്തിലെത്തിയ യുവതി കായലില്‍ ചാടി മരിച്ചു. ഗോശ്രീ പാലത്തില്‍ മുളവുകാട് ബോള്‍ഗാട്ടി സ്വദേശി തട്ടാംപറമ്പില്‍ വിജയന്‍ (62) ആണ് ഇന്നലെ തൂങ്ങിമരിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനു ശേഷമാണ് വിജയന്‍ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ മീന്‍ പിടിക്കാന്‍ എത്തിയവരാണ് പാലത്തിന്റെ കൈവരിയില്‍ തൂങ്ങി നില്‍ക്കുന്ന മൃതദേഹം കണ്ടതും പൊലീസിനെ വിവരമറിയിച്ചതും.
വിജയന്റെ മൃതദേഹം താഴെയിറക്കുന്നതിനിടെയാണ് പള്ളിപ്പുറം സ്വദേശി വലിയവീട്ടില്‍ നെല്‍സന്റെ മകള്‍ ബ്രിയോണ നെല്‍സണ്‍ (26) പാലത്തിലെത്തിയത്. ഗോശ്രീ രണ്ടാം പാലത്തിന്റെ മുകളില്‍ നിന്ന് ബ്രിയോണ കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. വിജയന്റെ മൃതദേഹം താഴെയിറക്കുന്നവര്‍ പെണ്‍കുട്ടി ചാടിയത് കണ്ടു. ബ്രിയോണ മൊബൈലില്‍ സംസാരിച്ച് പാലത്തിലൂടെ നടക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് നില്‍ക്കുന്നവര്‍ കണ്ടിരുന്നു. അല്‍പ്പദൂരം നടന്ന ശേഷം ബ്രിയോണ പാലത്തിന്റെ കൈവരിക്കു മുകളില്‍ കയറി ചാടുകയായിരുന്നു.
ഒരു ഇന്റര്‍വ്യൂവിന് പോകുകയാണെന്ന് പറഞ്ഞാണ് ബ്രിയോണ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എറണാകുളത്തെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലിയുണ്ടായിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് യുവതിക്ക് ജോലി നഷ്ടപ്പെട്ടു. തുടര്‍ന്നാണ് വേറെ ജോലിക്കായുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചത്.
ബ്രിയോണ കായലിലേക്ക് എടുത്തുചാടിയതിനു പിന്നാലെ രക്ഷിക്കാനായി അജിത് കുമാര്‍ എന്നയാളും വെള്ളത്തിലേക്ക് ചാടി. ഏതാനും മിനിറ്റുകള്‍കൊണ്ട് അജിത് കുമാര്‍ ബ്രിയോണയെ മുടിയില്‍ പിടിച്ചു കരയ്ക്കു കയറ്റി. എന്നാല്‍, ആശുപത്രിയില്‍ എത്തിക്കും മുന്‍പ് ബ്രിയോണ മരണത്തിനു കീഴടങ്ങി.