ആഡംബര ബസിൽ നിന്ന് പത്തരകിലോ കഞ്ചാവ് പിടിച്ചു
സ്വകാര്യ ആഡംബര ബസിൽ നിന്ന് പത്തരകിലോ കഞ്ചാവ് പിടിച്ചു
ബാംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ആഡംബര ബസിലെ ലഗ്ഗേജ് ബോക്സിൽ സൂക്ഷിച്ചിരുന്ന ട്രാവലർ ബാഗിൽ നിന്ന് പത്തര കിലോ കഞ്ചാവ് പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ പത്രത്ത മണിയോടെ അമരവിള ചെക്ക് പോസ്റ്റിൽ വച്ചാണ് വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തത്.
ആന്ധ്രാപ്രദേശ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓറഞ്ച് ട്രാവൽസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. എട്ട് പ്ലാസ്റ്റിക് ബാഗുകളിലായാണ് കഞ്ചാവ് പൊതിഞ്ഞു സൂക്ഷിച്ചിരുന്നത്. ബസിൽ ൨൮ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും പരിശോധന കഴിഞ്ഞപ്പോൾ ഒരാളെ കാണാതായതായി മറ്റു യാത്രക്കാർ പറഞ്ഞു. പരിശോധനയ്ക്കിടെ രക്ഷപ്പെട്ട ഇയാളാവാം കഞ്ചാവ് കടത്തലിനു പിന്നിലെന്ന് കരുതുന്നു. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ബസ് ജീവനക്കാരുടെ പക്കലുമില്ല.
മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കൊടുവിൽ കഞ്ചാവും ബസും എക്സൈസിന് കൈമാറി. വാണിജ്യ നികുതി ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.