ഇത് ‘അമ്മ‘യല്ല കുറ്റവാളികളെ സംരക്ഷിക്കുന്ന സംഘനയാണ്: പന്ന്യൻ രവീന്ദ്രൻ
ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്നതിന്റെ തെളിവാണ് ഇപ്പോള്‍ നടന്‍ അറസ്റ്റിലായത്: പന്ന്യൻ രവീന്ദ്രൻ
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ പ്രതികരിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ രംഗത്ത്. ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്നതിന്റെ തെളിവാണിതെന്ന് പന്ന്യൻ രവീന്ദ്രൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ജനപ്രിയ മഹാനടൻ ഇത്രയും ക്രൂരമായി പൈശാചികമായി ഒരു യുവ നടിയെ പീഡിപ്പിക്കുന്നതിന് ക്വട്ടേഷൻ കൊടുക്കുവാൻ തയ്യാറാവുമെന്ന് ആരും ധരിക്കുകയില്ലെന്നും എന്നാൽ ഇപ്പോൾ മുഖം മൂടി അഴിഞ്ഞ് വീണിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നടന്മാമാരുടെ സംഘടനയായ അമ്മയുടെ പൂർണ്ണ പിൻബലത്തിൽ നിറഞ്ഞാടിയ അഹങ്കരമാണ് നടനില്‍ കാണാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഇത് അമ്മയല്ല കുറ്റവാളികളെ സംരക്ഷിക്കുന്ന സംഘമായി മാറി. സഹോദരിമാരെ ജീവിതം നരകതുല്യമാക്കുന്ന കാപാലികരുടെ സംരക്ഷണ കൂട്ടായ്മയായി മാറിയെന്നും അദ്ദേഹം താര സംഘടനയെ കുറ്റപ്പെടുത്തി. ഇത്രയും ക്രൂരമായ പീഡനം സഹിച്ചും മനസ്സാന്നിദ്ധ്യത്തോടെ പോരാടിയ യുവ നടിക്ക് കേരളത്തിന്റെ പൂർണ പിന്തുണ ഉറപ്പാണ് എന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.