നേർച്ചപെട്ടി 'എ ടി എം' ആക്കി ഒരു പള്ളി, എത്ര വേണമെങ്കിലും പണമെടുക്കാം!
പണത്തിനായി നെട്ടോട്ടമോടുന്നവർക്ക് സഹായവുമായി പള്ളി!
കേന്ദ്ര സാർക്കാരിന്റെ നോട്ട് പിൻവലിക്കൽ നടപടിയിൽ പെട്ട് പണത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങൾക്ക് സഹായ ഹസ്തവുമായി കൊച്ചിയിലെ ഒരു പള്ളി. നിത്യ ചിലവിനായി നാട്ടുകാർ പണം കണ്ടെത്താൻ കഷ്ടപ്പെടുന്നത് മനസ്സിലാക്കിയ എറണാകുളം - അങ്കമാലി അതിരൂപതയിലെ കാക്കനാട് തേവയ്ക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് പള്ളി നേർച്ചപെട്ടി ജനങ്ങൾക്കായി തുറന്നു കൊടുത്തുകൊണ്ടാണ് സഹായം നൽകിയിരിക്കുന്നത്.
പള്ളി വികാരിയും സീറോ മലബാർ സഭ വക്താവുമായ ഫാ. ജിമ്മി പൂച്ചക്കാട്ട് ആണ് ഈ തീരുമാനത്തിന് പിന്നിൽ. പള്ളിയിലുള്ള നേർച്ചപെട്ടികൾ ജനങ്ങൾക്കായി തുറന്നിട്ടിരിക്കുകയാണ്. ബാങ്കുകളിലും എ ടി എമ്മുകളിൽ നിന്നും പണം ലഭിക്കാത്തവർക്കും പോകാൻ സാധിക്കാത്തവർക്കും നേർച്ചപെട്ടിയിൽ നിന്നും ആവശ്യമായ പണം എടുക്കാം. പകരം പണം ഇടേണ്ടതുമില്ല. കൈയിൽ പണം ലഭിക്കുന്നതിനനുസരിച്ച് തിരികെ ഇട്ടാൽ മതിയെന്നും വികാരി പറയുന്നു.
നിത്യ ചിലവിനായി ആവശ്യമുള്ളത് മാത്രം ജനങ്ങൾ എടുത്തു. നേർച്ചപെട്ടിയിൽ ബാക്കിയായത് ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകൾ മാത്രം. പ്രദേശത്തെ 200 ഓളം കുടുംബങ്ങൾ ആണ് ഈ സഹായം സ്വീകരിച്ചത്. പണത്തിനായി നെട്ടോട്ടമോടുന്ന ഈ സമയത്ത് പള്ളിയുടെ ഈ തീരുമാനം ശരിക്കും ജനങ്ങളെ ആശ്വസിപ്പിക്കുന്നത് തന്നെ.