ഇന്ത്യയെ ഒറ്റപ്പെടുത്തി, തയ്യാറെടുപ്പിന്റെ കുറവ് ശരിക്കുമുണ്ടെന്ന് സുബ്രഹ്മണ്യം സ്വാമി
500, 1000 രൂപ നോട്ടുകൾ പിൻവലിച്ച നടപടിക്കെതിരെ സുബ്രഹ്മണ്യം സ്വാമി
നോട്ട് പിൻവലിക്കൽ നടപടിയെ വിമർശിച്ച് ബി ജെ പി ദേശീയ സമിതിയംഗം സുബ്രഹ്മണ്യം സ്വാമി രംഗത്ത്. ആസൂത്രണങ്ങളുടെ അഭാവവും നോട്ട് പിൻവലിച്ച നടപടിയും ഇന്ത്യയെ ഒറ്റപ്പെടുത്തി. തയ്യാറെടുപ്പിൻറെ കുറവ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സൗത് ചൈന ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സ്വാമിയുടെ പ്രസ്തവന.
വേണ്ട നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ ധനകാര്യ മന്ത്രാലയത്തിന് കൃത്യമായ ഒരു രൂപവുമുണ്ടായില്ല. രണ്ട് വർഷത്തിലധികം കാലം അധികാരം നമ്മുടെ കൈയ്യിലുണ്ടായിരുന്നു. നോട്ട്പിൻവലിച്ച ആദ്യദിനം തന്നെ ധനകാര്യമന്ത്രാലയം ശക്തമായ തയ്യാറെടുപ്പ് നടത്തണമായിരുന്നു. ഇതിന് ഒരു ന്യായീകരണവും പറയാൻ കഴിയില്ലെന്നും സ്വാമി പറഞ്ഞു.
അതേസമയം, പിൻവലിച്ച പഴയ നോട്ടുകൾ നവംബർ 24 വരെ ഉപയോഗിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ഉന്നതല യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതോടൊപ്പം, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റിസർവ് ബാങ്ക് പുതിയ ചില പരിഷ്കാരങ്ങൾ കൊണ്ടുവന്നു. ഒരു ദിവസം എ ടി എമ്മുകളില്‍നിന്ന് പിന്‍വലിക്കാവുന്ന തുക 2000ല്‍നിന്ന് 2500 രൂപയായി വര്‍ധിപ്പിച്ചു. അതോടൊപ്പം ഒരാഴ്ച ബാങ്കില്‍നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 20,000ല്‍നിന്ന് 24,000 രൂപയായും അസാധു നോട്ടുകൾ മാറ്റുന്നതിനുള്ള പരിധി 4000രൂപയില്‍ നിന്നും 4500 രൂപയായും വര്‍ധിപ്പിച്ചു.