എന്താണ് പെരുമണ്‍ ദുരന്തം?
സ്ത്രീകളും കുട്ടികളുമടക്കം 105 പേരാണ് അപകടത്തില്‍ മരിച്ചത്
കേരളത്തെ നടുക്കിയ പെരുമണ്‍ ട്രെയിന്‍ ദുരന്തം സംഭവിച്ചിട്ട് ഇന്നേക്ക് 36 വര്‍ഷം. 1988 ജുലൈ എട്ടിനായിരുന്നു ബാംഗ്ലൂരില്‍ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന ഐലന്റ് എക്‌സ്പ്രസിന്റെ പത്ത് ബോഗികള്‍ പെരുമണില്‍ വച്ച് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞത്.
സ്ത്രീകളും കുട്ടികളുമടക്കം 105 പേരാണ് അപകടത്തില്‍ മരിച്ചത്. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ട്രെയിനിന്റെ എഞ്ചിനും ഒരു ജനറല്‍ കംപാര്‍ട്ട്മെന്റും മാത്രമാണ് പാലം കടന്നത്. ടൊര്‍ണാഡോ എന്ന ചുഴലിക്കാറ്റാണ് അപകടത്തിന് കാരണമെന്ന് അന്വേഷണ ചുമതലയുണ്ടായിരുന്ന രണ്ട് കമ്മിഷനുകള്‍ പ്രഖ്യാപിച്ചു.
റെയില്‍വേയുടെ അപകട ചരിത്രത്തിലെതന്നെ വിചിത്രമായ കണ്ടെത്തലായിരുന്നു ഇത്. റെയില്‍വേ ഗാങ്മാന്മാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് സമീപവാസികള്‍ പറയുന്നു.
ചുഴലിക്കാറ്റാണ് കാരണമെന്നു പറയുന്ന റിപ്പോര്‍ട്ടുകള്‍ റെയില്‍വേയുടെ മുഖം രക്ഷിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയതാണെന്ന ആക്ഷപം അന്നേ ഉണ്ടായിരുന്നു. പാളം തെറ്റിയതുമൂലമാണ് ട്രെയിന്‍ മറിഞ്ഞതെന്നായിരുന്നു ആദ്യ കണ്ടെത്തല്‍. അതിവേഗത്തില്‍ വന്ന ട്രെയിന്‍ പാലം കടക്കുന്നതിനു മുന്‍പ് ബ്രേക്കിട്ടതാണ് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
കൂടാതെ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരുന്ന ജോലിക്കാര്‍ ഇടയ്ക്ക് ചായകുടിക്കാന്‍ പോയപ്പോള്‍ വേഗത കുറയ്ക്കണമെന്ന് സിഗ്‌നല്‍ നല്‍കാന്‍ ആളില്ലാതെ പോയതാണ് അപകടത്തിന്റെ കാരണമെന്നും ഒരു വാദമുണ്ട്. എന്നിരുന്നാലും ദുരന്തത്തിന്റെ ശരിയായ കാരണം ഇന്നും അജ്ഞാതമാണ്.
ദുരന്തത്തില്‍ മരിച്ചവരില്‍ 17 പേര്‍ക്ക് അവകാശികളില്ലെന്ന ന്യായം പറഞ്ഞ് റെയില്‍വേ നഷ്ടപരിഹാരം നല്‍കിയില്ല. രക്ഷാപ്രവര്‍ത്തകര്‍ക്ക് വാഗ്ദാനം ചെയ്ത പാരിതോഷികങ്ങള്‍ പോലും പൂര്‍ണ്ണമായി നല്‍കിയില്ല. മരിച്ച മുതിര്‍ന്നവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് അന്‍പതിനായിരം രൂപയുമായിരുന്നു നഷ്ടപരിഹാരം.