എരഞ്ഞിമാവിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍; പദ്ധതി ജൂണിൽ കമ്മിഷൻ ചെയ്യുമെന്ന് ഡിജിഎം
എരഞ്ഞിമാവിലെ വാതക പൈപ്പ്ലൈന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍
കോഴിക്കോട് എരഞ്ഞിമാവിലെ വാതക പൈപ്പ്ലൈന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്ന് ഗെയില്‍. പണി തുടരണമെന്നതാണ് തങ്ങൾക്കു കിട്ടിയിരിക്കുന്ന നിർദേശമെന്ന് അധികൃതര്‍ അറിയിച്ചു. നിർമാണപ്രവർത്തനങ്ങൾ നിർത്തണമെങ്കിൽ സർക്കാരോ മാനേജ്മെന്റോ നിർദേശം നൽകണമെന്നും അവര്‍ വ്യക്തമാക്കി.
ഈ പദ്ധതി അടുത്ത വർഷം ജൂണിൽ കമ്മിഷൻ ചെയ്യുമെന്നും പൈപ്പ് ലൈന്‍ അലൈൻമെന്റ് മാറ്റാന്‍ കഴിയില്ലെന്നും ഗെയിൽ ഡിജിഎം എം.വിജു അറിയിച്ചു. അതേസമയം, ഗെയിൽ സമരത്തിനെതിരായ സമരം മുക്കത്ത് ഇപ്പോളും തുടരുകയാണ്.
ഒരു മാസത്തിലധികമായി നിർത്തിവച്ചിരുന്ന ഗെയിൽ പൈപ്പ് ലൈൻ സർവേ നടത്തുന്നതിനും പൈപ്പ് സ്ഥാപിക്കുന്നതിനുമായി അധികൃതരും പൊലീസും എത്തിയതോടെയാണ് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായത്.
ഗെയിലിന്റെ വാഹനം എരഞ്ഞിമാവിൽ എത്തിയ സമയത്ത് വാഹനത്തിന് നേരേ കല്ലേറുണ്ടായി. പ്രതിരോധം പ്രതീക്ഷിച്ചിരുന്ന പൊലീസ് പ്രതിഷേധക്കാർക്കുനേരേ നടത്തിയ ലാത്തിച്ചാർജിൽ നിരവധിപേർക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.